തിരുവനന്തപുരം: പാചത വാതക വില, യാത്രാ നിരക്ക് വര്‍ദ്ധനവില്‍ സാധാരണക്കാര്‍ നട്ടം തിരിയുന്നതിനിടെ, അരി ഉള്‍പ്പെടെയുള്ള സകല അവശ്യസാധനങ്ങള്‍ക്കും വില കുതിക്കുന്നു.
കൂടുതല്‍ ഡിമാന്‍ഡുള്ള അരി ഇനങ്ങള്‍ക്കെല്ലാം രണ്ടു മാസത്തിനിടെ 8 മുതല്‍ 12 രൂപ വരെ വര്‍ദ്ധിച്ചപ്പോള്‍, ചില പച്ചക്കറി ഇനങ്ങളുടെ വില വര്‍ദ്ധിച്ചത് ഇരട്ടിയിലേറെ. ഗോതമ്ബിന്റെ വിഹിതം കേന്ദ്രസര്‍ക്കാര്‍ കുറച്ചതോടെ, റേഷന്‍ കടകളിലെ ഗോതമ്ബ് വിതരണവും നിലച്ചു. രണ്ടു മാസം മുമ്ബ് കിലോഗ്രാമിന് 38 രൂപ വിലയുണ്ടായിരുന്ന മട്ട അരിക്ക് ഇന്നലെ എറണാകുളത്തും കോട്ടയത്തും ചില്ലറ വില 48 രൂപയാണ്. ഇടുക്കിയില്‍ 50 രൂപയും. ഒരു മാസം മുമ്ബ് 37 രൂപയായിരുന്ന തക്കാളിയുടെ ഇന്നലത്തെ ശരാശരി വില 81 രൂപ. തിരുവനന്തപുരം നഗരത്തില്‍ ചില കടകളില്‍ ഇത് 100 രൂപയായി ഉയര്‍ന്നു. ബീന്‍സും മുരങ്ങിക്കയും നൂറു കടന്നു. എത്തന്‍കായ് പത്ത് രൂപ കൂടി . ജയ അരി 32ല്‍ നിന്നും 39 ആയപ്പോള്‍ ആന്ധ്രയില്‍ നിന്നുള്ള വെളള അരി 30ല്‍ നിന്നും 38 ആയി.
രണ്ട് മാസം മുമ്ബ് കൂടിയ വറ്റല്‍ മുളക്, ചെറിയ ഉള്ളി, മഞ്ഞള്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവയുടെയെല്ലാം വില കൂടുന്നതല്ലാതെ കുറയുന്നില്ല. ആന്ധ്രയിലും ഉത്തരേന്ത്യയിലും കടുത്ത വേനല്‍ കാരണമുണ്ടായ കൃഷി നാശമാണ് അരിക്കും പലവ്യജ്ഞനത്തിനുമൊക്കെ വില കൂടാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളിലെ മഴയും, ഇന്ധനവില വര്‍ദ്ധന കാരണം ചരക്ക് കൂലി കൂടിയതുമാണ് പച്ചക്കറി വില പിടി വിട്ട് കുതിക്കാന്‍ കാരണം. സവാള വില 20 രൂപയില്‍ താഴെ പോയതു മാത്രമാണ് ആശ്വാസം.