തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍

0
91

ബാങ്കോക്ക്: രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു തായ്‌ലന്‍ഡ് ഓപ്പണ്‍ വനിതാ വിഭാഗത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം റൗണ്ടില്‍ ലോക ഏഴാം നമ്പര്‍ താരമായ സിന്ധു കൊറിയയുടെ സിം യു യിന്നിനെ കീഴടക്കി.
നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിന്റെ വിജയം. സ്‌കോര്‍: 21-16, 21-13. മത്സരം വെറും 37 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. ആദ്യ റൗണ്ടില്‍ സിന്ധു അമേരിക്കയുടെ ലൗറന്‍ ലാമിനെ കീഴടക്കിയിരുന്നു. ക്വാര്‍ട്ടറില്‍ ജപ്പാന്റെ രണ്ടാം സീഡ് താരം അകാനെ യമഗുച്ചിയാണ് താരത്തിന്റെ എതിരാളി.
പുരുഷവിഭാഗത്തില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് പുറത്തായി. തോമസ് കപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിലംഗമായ ശ്രീകാന്ത് രണ്ടാം റൗണ്ടില്‍ മത്സരിക്കാതെ പിന്മാറുകയായിരുന്നു. ഇതോടെ എതിരാളിയായ ഐറിഷ് താരം നാട്ട് എന്‍ഗുയെനിന് വാക്ക് ഓവര്‍ ലഭിച്ചു. എന്തുകൊണ്ടാണ് മത്സരത്തില്‍ നിന്ന് പിന്മാറിയതെന്ന കാര്യം ശ്രീകാന്ത് വ്യക്തമാക്കിയിട്ടില്ല. ലോക 11-ാം നമ്പര്‍ താരമായ ശ്രീകാന്ത് ആദ്യ റൗണ്ടില്‍ ഫ്രാന്‍സിന്റെ ബ്രൈസ് ലെവെര്‍ഡെസിനെ തകര്‍ത്തിരുന്നു.