കീഴടങ്ങാന്‍ കൂടുതല്‍ സമയം തേടി സിദ്ദു

0
104

ന്യൂഡല്‍ഹി: കീഴടങ്ങാന്‍ കൂടുതല്‍ സമയം തേടി കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു സുപ്രീം കോടതിയില്‍. റോഡിലെ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ സുപ്രീം കോടതി ഇന്നലെ സിദ്ദുവിന് ഒരു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു.
എന്നാല്‍ സിദ്ദുവിന്റെ ആവശ്യം അടിയന്തരമായി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് വിസമതിച്ചു. വാക്കാല്‍ ഉന്നയിച്ച ആവശ്യം കേള്‍ക്കാന്‍ വിസമ്മതിച്ചതിനാല്‍ സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അപേക്ഷ നല്‍കുമെന്ന് സിദ്ദുവിന്റെ അഭിഭാഷകര്‍ അറിയിച്ചു.
സുപ്രീം കോടതി വിധിച്ച ശിക്ഷയുടെ ഭാഗമായി സിദ്ദു കീഴടങ്ങുമെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി ഇന്ന് കോടതിയെ അറിയിച്ചു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കുറച്ച് സമയം ആവശ്യമാണ്. അതിനാല്‍ കീഴടങ്ങാന്‍ കുറച്ച് ആഴ്ചകള്‍ കൂടി അനുവദിക്കണമെന്നും സിംഗ്വി ആവശ്യപ്പെട്ടു.
ആവശ്യം അപേക്ഷയായി നല്‍കിയ ശേഷം അടിയന്തരമായി പരിഗണിക്കണമെന്ന ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥിക്കാന്‍ ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ നിര്‍ദേശിച്ചു. എന്നാല്‍ അടിയന്തരമായി അപേക്ഷ പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തയ്യാറായില്ല.
ഗുര്‍ണാം സിങ് എന്നയാള്‍ കൊല്ലപ്പെട്ട കേസിലാണ് സുപ്രീംകോടതി സിദ്ദുവിന് തടവ് ശിക്ഷ വിധിച്ചത്. ഗുര്‍ണാം സിങ്ങിന്റെ തലയില്‍ സിദ്ദു അടിച്ചത് മരണത്തിന് കാരണമായതായാണ് കേസ്.