ബന്ധം തുടരാൻ താൽപര്യമില്ലെന്നറിയിച്ചു; 19കാരിയായ കാമുകിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി

0
61

പനാജി: ബന്ധം തുടരാൻ താൽപര്യമില്ലെന്നറിയിച്ച 19കാരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ദക്ഷിണ ഗോവയിലെ വെൽസോൺ ബീച്ചിലാണ് സംഭവം. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. യുവതിയുടെ മൃതദേഹം കടൽത്തീരത്ത് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ കിഷൻ കലങ്കുത്കർ (26) അറസ്റ്റിലായത്.

കോളേജ് വിദ്യാർഥിയായ യുവതിയുമായി പ്രതി പ്രണയത്തിലായിരുന്നു. ബുധനാഴ്ച ഇരുവരും ബീച്ചിലേക്ക് പോയി. ബന്ധം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് യുവതി പറഞ്ഞതിനെ തുടർന്ന് പ്രതി നിയന്ത്രണം നഷ്ടപ്പെട്ട് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് (സൗത്ത്) അഭിഷേക് ധനിയ പറഞ്ഞു. പ്രതി പെൺകുട്ടിയെ നിരവധി തവണ കുത്തി.

സംഭവസ്ഥലത്ത് വെച്ച് തന്നെ പെൺകുട്ടി കൊല്ലപ്പെട്ടു. പിന്നീട് മൃതദേഹം ബീച്ചിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് വാസ്കോ പൊലീസ് അന്വേഷണം ആരംഭിച്ചതായും 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടിയതായും അദ്ദേഹം പറഞ്ഞു.