ഉപയോഗശൂന്യമാണെന്ന് സാങ്കേതികസമിതി വിലയിരുത്തിയ 10 ബസുകള്‍ ആക്രിക്ക് വില്‍ക്കാന്‍ കെ.എസ്.ആര്‍.ടി.സി

0
60

ഉപയോഗശൂന്യമാണെന്ന് സാങ്കേതികസമിതി വിലയിരുത്തിയ 10 ബസുകള്‍ ആക്രിക്ക് വില്‍ക്കാന്‍ കെ.എസ്.ആര്‍.ടി.സി. തീരുമാനിച്ചു. ആദ്യമായിട്ടാണ് ജന്റം വോള്‍വോ ബസുകള്‍ പൊളിക്കാന്‍ തീരുമാനിച്ചത്. രണ്ടുവര്‍ഷമായി ഓടിക്കാതെ കൊച്ചി തേവരയാര്‍ഡില്‍ ഇട്ടിരിക്കുന്ന 28 ബസുകളാണ് സാങ്കേതികസമിതി പരിശോധിച്ച് വില്‍ക്കാന്‍ തീരുമാനിച്ചത്.
ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി. കെ.എസ്.ആര്‍.ടി.സി. എന്‍ജിനിയര്‍മാര്‍, മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍, തൃക്കാക്കര മോഡല്‍ എന്‍ജിനിയറിങ് കോളേജിലെ അധ്യാപകര്‍ എന്നിവരടങ്ങുന്ന സമിതിയാണ് വാഹനങ്ങള്‍ പരിശോധിച്ചത്. പൊളിക്കാന്‍ തീരുമാനിച്ച ബസുകള്‍ നന്നാക്കണമെങ്കില്‍ 45 ലക്ഷം രൂപവരെ മുടക്കേണ്ടിവരും.
മറ്റ് നോണ്‍ എ.സി. ബസുകള്‍ 920 എണ്ണം പൊളിച്ചുവില്‍ക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ 620 ബസുകള്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എം.എസ്.ടി.സി. വഴി ലേലം ചെയ്യും. 300 എണ്ണം ഷോപ്പ് ഓണ്‍ വീല്‍ ആക്കും. ആക്രിയാക്കി വില്‍ക്കാന്‍ തീരുമാനിച്ച ബസുകളില്‍ 300 എണ്ണത്തിന്റെ ലേലനടപടികള്‍ അന്തിമ ഘട്ടത്തിലുമാണ്.
എന്‍ജിനും മറ്റ് പാര്‍ട്സുകളും മറ്റ് ബസുകള്‍ക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്. 212 എണ്ണം വിറ്റുപോയിട്ടുണ്ട്. പാറശ്ശാല, ഈഞ്ചക്കല്‍, ചടയമംഗലം, ചാത്തന്നൂര്‍, കായംകുളം, എടപ്പാള്‍, ചിറ്റൂര്‍ യാര്‍ഡുകളിലുള്ള ഉപയോഗയോഗ്യമായ ബസുകള്‍ നിരത്തില്‍ ഇറക്കിയിട്ടുണ്ട്. സ്‌പെയര്‍പാര്‍ട്സുകള്‍ വാങ്ങുന്ന മുറയ്ക്ക് യാര്‍ഡുകളിലുള്ള 500 ബസുകള്‍കൂടി നിരത്തില്‍ ഇറക്കും.
2018 മുതല്‍ 28 ലോഫ്‌ലോര്‍ എ.സി ബസുകളാണ് തേവരയില്‍ കിടന്നിരുന്നത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഇതില്‍ 10 എണ്ണമാണ് സ്‌ക്രാപ് ചെയ്യുക. മറ്റു 18 എണ്ണം വീണ്ടും ഉപയോഗിക്കാം എന്നാണ് തീരുമാനം. സ്‌ക്രാപ് ചെയ്യാന്‍ തീരുമാനിച്ച ബസുകള്‍ ഏതാണ്ട് 11 വര്‍ഷത്തെ പഴക്കമുണ്ട്. ലോ ഫ്‌ലോര്‍ ബസുകളുടെ കാലാവധി 11 വര്‍ഷമാണ്.
ഇത്തരം ബസുകള്‍ എന്തുകൊണ്ടാണ് കൂട്ടിയിട്ടിരിക്കുന്നതെന്നും ഇത് വിറ്റുകൂടെയെന്നും ഹൈക്കോടതി കെ.എസ്.ആര്‍.ടി.സി. മാനേജ്‌മെന്റിനോട് ആരാഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുകയും 28 ബസുകള്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ പഠനം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 10 ബസുകള്‍ സ്‌ക്രാപ് ചെയ്യാനും ബാക്കി 18 ബസുകള്‍ നന്നാക്കി ഉപയോഗിക്കാനും തീരുമാനിച്ചിരിക്കുന്നത്.