ഡൽഹി: ഹൈദരാബാദിൽ മൃഗഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി. പത്ത് പോലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സമിതി ശുപാർശ ചെയ്തു. കേസിൽ മൂന്നംഗ അന്വേഷണ കമ്മീഷന്റെ സീൽ ചെയ്ത കവർ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. തുടർ നടപടികൾക്കായി വിഷയം തെലങ്കാന ഹൈക്കോടതിയിലേക്ക് മാറ്റി.
2019 ഡിസംബർ ആറിനാണ് നാല് പ്രതികളെ പോലീസ് വെടിവെച്ച് കൊന്നത്. ഇതിൽ നാലിൽ മൂന്നുപേർ പ്രായപൂർത്തിയാകാത്തവരെന്നും സമിതി വ്യക്തമാക്കി.അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെക്കുകയായിരുന്നുവെന്നാണ് സംഭവത്തെക്കുറിച്ച് തെലങ്കാനപോലീസ് പറഞ്ഞിരുന്നത്.
എന്നാൽ ഇത് വ്യാജമെന്നാണ് സുപ്രീംകോടതി നിയോഗിച്ച സമിതി കണ്ടെത്തിയിരിക്കുന്നത്. 2019 നവംബറിൽ വെറ്ററിനറി വനിതാ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികളായ മുഹമ്മദ് ആരിഫ്, ചിന്തകുണ്ട ചെന്ന കേശവുലു, ജോലു ശിവ, ജൊല്ലു നവീൻ എന്നിവരെയാണ് തെലങ്കാനപോലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്.
സുപ്രീംകോടതി ജസ്റ്റിസ് വി എസ് സിർപുർക്കർ അദ്ധ്യക്ഷനായ കമ്മീഷനാണ് നാല് പ്രതികളുടെ ഏറ്റുമുട്ടൽ കൊലപാതകം അന്വേഷിച്ചത്.