അശ്ലീല ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ; രാജ് കുന്ദ്രയ്‌ക്കെതിരെ വീണ്ടും കേസ്

0
66

മുംബൈ : അശ്ലീല ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലിൽ ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയ്‌ക്കെതിരെ കേസെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അന്താരാഷ്‌ട്ര തലത്തിൽ അശ്ലീല ചിത്രങ്ങളുടെ റാക്കറ്റ് പ്രവർത്തിപ്പിച്ചതിന് രാജ് കുന്ദ്രയെ 2021 ൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് നടന്ന പണമിടപാടുകളും ഇഡി അന്വേഷിക്കും.

2019 ൽ രാജ് കുന്ദ്ര ആർമ്‌സ് പ്രൈം മീഡിയ ലിമിറ്റഡ് എന്ന കമ്പനി ആരംഭിച്ചിരുന്നു. ഹോട്ട്‌ഷോട്ട്‌സ് എന്ന ആപ്പും ലോഞ്ച് ചെയ്തു. പിന്നീട് ഈ ആപ്പ് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെൻറിൻ കമ്പനിക്ക് വിറ്റു എന്നാണ് വിവരം. ഈ കമ്പനിയുടെ സിഇഒ രാജ് കുന്ദ്രയുടെ ഭാര്യാ സഹോദരനായിരുന്നു. ആപ്പുമായി ബന്ധപ്പെട്ട് 13 ബാങ്ക് അക്കൗണ്ടുകളിലൂടെ കോടിക്കണക്കിന് രൂപയാണ് കൈമാറിയത് എന്നാണ് കണ്ടെത്തൽ. പോൺ സ്റ്റാറുകളെ ഉപയോഗിച്ച് വീഡിയോ ഷൂട്ട് ചെയ്ത് അശ്ലീല ചിത്രങ്ങൾക്കുള്ള ആപ്പായ ഹോട്ട്‌ഷോട്ട്‌സിലൂടെ വിൽക്കുകയാണ് കുന്ദ്ര ചെയ്തിരുന്നത്.

ആപ്പ് സബ്‌സ്‌ക്രൈബ് ചെയ്യുന്നവരിൽ നിന്നുള്ള പണം നേരിട്ട് കുന്ദ്രയുടെ അക്കൗണ്ടിലേക്കാണ് എത്തിയത്. ഈ കേസുമായി ബന്ധപ്പെട്ടാണ് 2021, ജൂലൈ 19 ന് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. അശ്ലീല ചിത്രങ്ങൾ നിർമ്മിച്ചു, അനധികൃത സ്വത്ത് സമ്പാദനം നടത്തി എന്ന കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തിയിരുന്നു. തുടർന്ന് സെപ്റ്റംബർ 20 ന് മുംബൈ കോടതി കുന്ദ്രയ്‌ക്ക് ജാമ്യം അനുവദിച്ചു.