‘സില്‍വര്‍ ലൈനൊപ്പം കേരളം’; അടിവരയിട്ട് ഉപതെരഞ്ഞെടുപ്പ് ഫലം; പദ്ധതി കടന്നു പോകുന്ന വാര്‍ഡുകളില്‍ എല്‍ഡിഎഫിന് ഉജ്ജ്വല വിജയം

0
61

തിരുവനന്തപുരം: പന്ത്രണ്ട് ജില്ലകളിലെ 42 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സില്‍വര്‍ലൈന്‍ പദ്ധതി കടന്നു പോകുന്ന ഇടങ്ങളില്‍ എല്ലാം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഉജ്ജ്വല വിജയം. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള കേരളത്തിന്റെ തെക്കും വടക്കുമുള്ള ഭാഗങ്ങളില്‍ കെ റെയില്‍ കടന്നു പോകുന്ന തദ്ദേശ വാര്‍ഡുകളില്‍ എല്‍ഡിഎഫ് നേടിയ ഉജ്ജ്വല വിജയം സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേരള ജനത നല്‍കുന്ന അംഗീകരമായിട്ടാണ് വിലയിരുത്തുന്നത്. യുഡിഎഫ് സമരാഭാസം നടത്തി ജനങ്ങളില്‍ തെറ്റിധാരണ പടര്‍ത്താനും കലാപമുണ്ടാക്കാനും ശ്രമിച്ച തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം പഞ്ചായത്തിലെ മരുതിക്കുന്ന് വാര്‍ഡില്‍ ശക്തമായ ചതുഷ്‌കോണ മത്സരത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നേടിയ വിജയം കെ റെയില്‍ വിരുദ്ധ സമരത്തെ ജനങ്ങള്‍ നിരാകരിച്ചു എന്നതിന്റെ തെളിവാണ്. കെ റെയില്‍ കടന്നു പോകുന്ന എറണാകുളം ജില്ലയിലെ കുന്നത്തുനാട് പഞ്ചായത്തിലെ 11-ാം വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു.

കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന എല്‍ഡിഎഫ് ഇത്തവണ മിന്നുന്ന ജയമാണ് നേടിയത്. മധ്യകേരളത്തിലെ ജനങ്ങളും സില്‍വര്‍ലൈന്‍ പദ്ധതിയെ പിന്തുണയ്ക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വിജയം. മലപ്പുറം ജില്ലയില്‍ കെ റെയില്‍ കടന്നു പോകുന്ന വള്ളിക്കുന്ന് പഞ്ചായത്തിലെ പരുത്തിക്കാട് വാര്‍ഡ് 280 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. അതുപോലെ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ നഗരസഭിയിലെ ഒന്‍പതാം വാര്‍ഡായ് മുതിയിലത്തും മുഴുപ്പിലങ്ങാട് പഞ്ചായത്തിലെ തെക്കേക്കുന്നുംപുറം വാര്‍ഡും എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു. കെ റെയില്‍ കടന്നുപോകുന്ന പ്രദേശങ്ങളാണ് ഈ രണ്ട് വാര്‍ഡുകളും. പയ്യന്നൂരില്‍ യുഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച കാശ്‌പോലും കിട്ടിയില്ല എന്നു മാത്രമല്ല എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഐ എമ്മിലെ പി ലതയുടെ ഭൂരിപക്ഷം വര്‍ധിക്കുകയും ചെയ്തു. കഴിഞ്ഞ തവണ 644 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നത് ഇത്തവണ 828 ആയി വര്‍ധിച്ചു.

യുഡിഫ് നേതൃത്വത്തിൽ കെ റെയിൽ സമരങ്ങൾ ആദ്യം അരങ്ങേറിയത് കൊല്ലം ജില്ലയിലെ കൊട്ടിയത്തായിരുന്നു. ചാനൽ ക്യാമറകൾക്കു വേണ്ടി കോൺ​ഗ്രസ് നേതാക്കൾ മത്സരിച്ച് ബൈറ്റ് നൽകിയതും ഇവിടെയായിരുന്നു. കല്ല് സ്ഥാപിക്കാനെത്തിയ സ്ഥലങ്ങളിൽ ഉദ്യോ​ഗസ്ഥരെ തടഞ്ഞതും ചാനലുകൾ മണിക്കൂറുകളോളം ലൈവ് നൽകുകയും അന്തി ചർച്ച നടത്തുകയും ചെയ്തത് ഈ പ്രദേശത്തെ സമരത്തെ തുടർന്നായിരുന്നു. എന്നാൽ ഇതേ കൊല്ലം ജില്ലയിൽ തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് വാർഡുകളിൽ അഞ്ചും എൽഡിഎഫ് നേടി. യുഡിഎഫിൽ നിന്ന് രണ്ട് വാർഡുകളും ബിജെപിയിൽ നിന്ന് ഒരു വാർഡും പിടിച്ചെടുക്കുകയും ചെയ്തു. വികസനത്തെയും ജനക്ഷേമ പ്രവര്‍ത്തനങ്ങളെയും രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ ജനങ്ങള്‍ കൈയ്യടിച്ച് അംഗീകരിക്കുന്നു എന്നതാണ് ഈ വിജയത്തിന്റെ അടിസ്ഥാനം. ഒപ്പം കെ റെയിലിനെതിരെ നടക്കുന്ന യുഡിഎഫ് – മഴവില്‍ സഖ്യത്തിന്റെ കുപ്രചരണങ്ങളെ കേരളം തള്ളിക്കളയുന്നു എന്നതിന്റെ തെളിവ് കൂടിയാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ സില്‍വര്‍ ലൈന്‍ കടന്നു പോകുന്ന പ്രദേശങ്ങളില്‍ എല്‍ഡിഎഫ് നേടിയ ഉജ്ജ്വല വിജയം.