ഒഴിഞ്ഞ മദ്യക്കുപ്പിയുണ്ടോ?; സ്റ്റിക്കര്‍ നീക്കാതെ നല്‍കിയാല്‍ 10 രൂപ നേടാം

0
110

ചെന്നൈ: മദ്യത്തിന്റെ കാലിക്കുപ്പികള്‍ക്ക് പകരം പണം നല്‍കുന്ന പദ്ധതിക്ക് ഊട്ടി നീലഗിരിയില്‍ തുടക്കമായി. കാലിക്കുപ്പി ഒന്നിന് പത്ത് രൂപ വീതമാകും നല്‍കുക. എല്ലാവിധ മദ്യക്കുപ്പികള്‍ക്കും ഇതേ തുക ലഭിക്കും. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ എല്ലാ മദ്യഷോപ്പുകളിലും ഈ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ടാസ്മാക് കടയില്‍ നിന്നും വാങ്ങുന്ന മദ്യക്കുപ്പികളില്‍ ഒരു സ്റ്റിക്കര്‍ ഒട്ടിച്ചിട്ടുണ്ടാകും.

സ്റ്റിക്കറോടെ കുപ്പികള്‍ മദ്യഷോപ്പുകളില്‍ തിരികെ ഏല്‍പ്പിക്കുമ്പോഴാണ് കൂടുതലായി ഈടാക്കിയ 10 രൂപ തിരികെ നല്‍കുക. ഒഴിഞ്ഞ മദ്യക്കുപ്പികള്‍ വലിയ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് തീരുമാനം. കാലിക്കുപ്പികള്‍ വനത്തിന് സമീപമുള്ള പാതകളില്‍ ഉപേക്ഷിക്കുന്നത് കാട്ടാനകള്‍ക്കും മറ്റ് മൃഗങ്ങള്‍ക്കും വലിയ ഭീഷണി സൃഷ്ടിക്കുന്നതായും മുന്‍പ് കണ്ടെത്തിയിരുന്നു.

കുപ്പികള്‍ പരിസ്ഥിതിക്ക് വെല്ലുവിളിയുണ്ടാക്കുന്ന പശ്ചാത്തലത്തില്‍ പ്രദേശത്ത് മദ്യം നിരോധിക്കാനുള്‍പ്പെടെ ആലോചനയുണ്ടായിരുന്നു. ഹൈക്കോടതി ജഡ്ജിമാരുടെ സമിതി കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തിന് പിന്നാലെയാണ് സര്‍ക്കാരിന്റെ തീരുമാനം.