ആളിപ്പടരുന്ന കാട്ടുതീയ്‌ക്ക് മുന്നിൽ ടിക് ടോക്ക്: പാക് മോഡലിന് വിമർശനം

0
87

ഇസ്ലമാബാദ്: ആളിപ്പടരുന്ന കാട്ടുതീയ്‌ക്ക് മുന്നിലൂടെ ടിക്ക് ടോക്ക് ചെയ്ത് പാക് മോഡൽ. 11 മില്യണിൽ അധികം ഫോളോവേഴ്‌സുള്ള ടിക് ടോക്ക് താരം ഹുമൈറ അസ്ഘറിന്റെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് വഴിയൊരുക്കുകയാണ്. രാജ്യത്ത് പടരുന്ന കാട്ടുതീയുടെ മുന്നിൽ വെച്ച് ടിക്ക് ടോക്ക് ചെയ്തതാണ് വിമർശനങ്ങൾക്ക് കാരണം.

തീജ്വാലകൾക്ക് മുന്നിലൂടെ വെള്ള നിറത്തിലുള്ള ഗൗൺ ധരിച്ച് അസ്ഘർ നടന്നു വരുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ‘ഞാനുള്ള ഇടങ്ങളിലെല്ലാം തീ ഉയരും’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. തീ അണയ്‌ക്കാൻ ശ്രമിക്കാതെ അതിന് മുന്നിൽ വീഡിയോ ചെയ്ത മോഡലിനെ വിമർശിച്ച് നിരവധി പേരാണ് എത്തിയത്.

എന്നാൽ കാട്ടുതീയ്‌ക്ക് മുന്നിൽ വീഡിയോ ചിത്രീകരിച്ചതിൽ ഒരു തെറ്റും താൻ കാണുന്നില്ലെന്നാണ് അസ്ഘർ പറയുന്നത്. പാകിസ്താന്റെ പലയിടങ്ങളിലും കഴിഞ്ഞ ദിവസം കനത്ത ചൂടാണ് രേഖപ്പെടുത്തിയത്. പലയിടങ്ങളിലും താപനില 51 ഡിഗ്രി സെൽഷ്യസായിരുന്നു. തുടർന്നുണ്ടായ ഉഷ്ണതരംഗത്തിലാണ് പലയിടത്തും കാട്ടുതീയുണ്ടായത്.