റഷ്യയിൽ യൂട്യൂബിന് നിരോധനം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് റഷ്യന്‍ ഡിജിറ്റല്‍ ഡെവലപ്‌മെന്റ് മന്ത്രി മഷ്‌കൂത് ഷാദേവ് ചൊവ്വാഴ്ച പറഞ്ഞു. അങ്ങനെ ഒരു നീക്കം ജനങ്ങൾക്ക് പ്രയാസമുണ്ടാക്കും എന്നതിനാലാണ് ഒഴിവാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
നമ്മള്‍ എന്തിനെയെങ്കിലും നിരോധിക്കുകയാണെങ്കില്‍ അത് നമ്മളുടെ ഉപഭോക്താക്കളെ ബാധിക്കുകയില്ലെന്ന് മനസിലാക്കിയിരിക്കണമെന്നും മന്ത്രി പറഞ്ഞു.
യുക്രൈനുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ വിദേശ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ക്ക് റഷ്യ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാത്തതിനും നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ കാണിച്ചതിനുമെല്ലാം പിഴയിടുകയും ഭീഷണികളുയര്‍ത്തുകയും ചെയ്യുകയല്ലാതെ യൂട്യൂബിനെ അപ്പാടെ അടച്ചുപൂട്ടാനുള്ള ശ്രമം റഷ്യ നടത്തിയിട്ടില്ല.
റഷ്യയില്‍ നിന്ന് ഒമ്പത് കോടി പ്രതിമാസ ഉപഭോക്താക്കള്‍ യൂട്യൂബിനുണ്ട്. അത്രയേറെ ജനപ്രിയമായ ഈ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോം റഷ്യയുടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകള്‍ക്കെല്ലാം റഷ്യയില്‍ സ്വീകാര്യതയുള്ള പകരം സംവിധാനങ്ങള്‍ ഉണ്ടെങ്കിലും യൂട്യൂബിന് ഒപ്പം നില്‍ക്കുന്ന പകരക്കാരില്ല എന്നതും നടപടിയില്ലാത്തതിന് കാരണമാണ്.
ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയ്ക്ക് മാര്‍ച്ചില്‍ റഷ്യ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ പിന്തുണയുള്ള മാധ്യമങ്ങളെ വിലക്കിയതിന് യൂട്യൂബിനെതിരെ ശിക്ഷാനടപടിയുണ്ടാകുമെന്ന ഭീഷണിയും റഷ്യ ഉയര്‍ത്തിയിരുന്നു.
ഇന്റര്‍നെറ്റിലൂടെ പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള ശ്രമമാണ് നിരോധനങ്ങളിലൂടെ റഷ്യ നടത്തുന്നതെന്ന വിമര്‍ശനത്തിനും മന്ത്രി മറുപടി പറഞ്ഞു.
ആരില്‍ നിന്നും സ്വയം മറച്ചുവെക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ആഗോള നെറ്റ് വര്‍ക്കിന്റെ ഭാഗമായി റഷ്യ തുടരുക തന്നെ ചെയ്യും. ഷാദേവ് പറഞ്ഞു.