കൂളിമാട് പാലത്തില്‍ പിഡബ്ല്യുഡി വിജിലന്‍സ് പരിശോധന

0
76

നിര്‍മാണത്തിനിടെ തകര്‍ന്നുവീണ കോഴിക്കോട് കൂളിമാട് പാലത്തില്‍ വിജിലന്‍സ് പരിശോധന. വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പാലത്തില്‍ പരിശോധന നടത്തുന്നതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് കൈമാറും. ഇന്ന് രാവിലെ പിഡബ്ല്യുഡി വിജിലന്‍സ് സംഘം കൂളിമാട് പാലത്തില്‍ പരിശോധന നടത്തിയിരുന്നു.
പാലത്തിന്റെ നിര്‍മ്മാണത്തില്‍ അപാകതയുണ്ടോ എന്ന് കണ്ടെത്താനാണ് പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് വിഭാഗം. തകര്‍ന്ന മൂന്ന് ബീമുകളും മാറ്റി പുതിയവ സ്ഥാപിക്കേണ്ടി വരും.
നിര്‍മ്മാണത്തിലിരിക്കുന്ന കൂളിമാട് പാലത്തിന്റെ മൂന്ന് ബീമുകളാണ് തകര്‍ന്ന് വീണത്. ഈ പശ്ചാത്തലത്തിലാണ് പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗം പരിശോധന നടത്തിയത്. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എം അന്‍സാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കേരള റോഡ് ഫണ്ട് ബോര്‍ഡ് ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു.

നിര്‍മ്മാണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വിശദമായ മൊഴി വിജിലന്‍സ് രേഖപ്പെടുത്തും. രേഖകളും പരിശോധിക്കും. മൂന്ന് ബീമുകളും മാറ്റണം. തൂണുകള്‍ക്ക് ബലക്ഷയം സംഭവിച്ചോ എന്നും പരിശോധിക്കണം.
വിശദമായ പരിശോധനകള്‍ക്ക് ശേഷമേ അപകട കാരണം വ്യക്തമാകൂ. ഹൈഡ്രോളിക് ജാക്കിക്ക് ഉണ്ടായ സാങ്കേതിക പിഴവെന്ന റിപ്പോര്‍ട്ട് ആണ് റോഡ് ഫണ്ട് ബോര്‍ഡ് നല്‍കിയത് എന്നാണ് സൂചന.