എത്യോപ്യയിൽ പെയിന്റ് പണി, പ്രതിമാസം അരലക്ഷം രൂപ ശമ്പളം: വ്യാജ വിസയും ടിക്കറ്റും നൽകി പണം തട്ടിയതായി പരാതി

0
115

തൃശൂർ: എത്യോപ്യയിൽ പെയിന്റ് പണി വാഗ്ദാനം ചെയ്ത് കേരളത്തിലെ യുവാക്കളിൽ നിന്നും പണം തട്ടിയതായി പരാതി. ഓരോരുത്തരിൽ നിന്നായി 75,000 രൂപ വീതമാണ് സംഘം തട്ടിയത്. വിസയുടേയും വിമാന ടിക്കറ്റിന്റേയും പകർപ്പുകളുമായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് തട്ടിപ്പ് യുവാക്കൾക്ക് മനസിലായത്. വിമാന ടിക്കറ്റ് വ്യാജമായിരുന്നു. ഓൺലൈൻ വഴി പരസ്യം കണ്ടാണ് അപേക്ഷ നൽകിയതെന്ന് യുവാക്കൾ പറയുന്നു.

എയർലിങ്ക് എന്ന കമ്പനിയാണ് വ്യാജ ടിക്കറ്റ് നൽകി കബളിപ്പിച്ചതെന്ന് യുവാക്കൾ പറയുന്നത്. 75,000 രൂപയാണ് അവർ ആദ്യം ചോദിച്ചത്. എഗ്രിമെന്റും വിസയും വന്നപ്പോൾ ആദ്യ ഗഡുവായ 50,000 നൽകി. പിന്നീട് വിമാന ടിക്കറ്റ് വന്നപ്പോൾ ബാക്കി 25,000വും നൽകി. എന്നാൽ ടിക്കറ്റുമായി വിമാനത്താവളത്തിൽ എത്തിയപ്പോൾ പണം അടയ്‌ക്കാത്തതിനാൽ പോകാൻ സാധിക്കില്ലെന്ന് പറയുകയായിരുന്നുവെന്ന് ഒരു യുവാവ് പറഞ്ഞു.

ഒരുമാസം അരലക്ഷം രൂപ ശമ്പളമായി ലഭിക്കുമെന്ന് പറഞ്ഞായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയെന്നാണ് തട്ടിപ്പ് സംഘം യുവാക്കളോട് പറഞ്ഞത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള യുവാക്കൾ തട്ടിപ്പിന് ഇരയായിട്ടുണ്ട്. സംഭവത്തിൽ യുവാക്കൾ പോലീസിന് പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.