ഒരു ലക്ഷത്തി മുപ്പതിനായിരം വർഷം പഴക്കമുള്ള പിഞ്ചു കുഞ്ഞിന്റെ പല്ല് കണ്ടെത്തി

0
100

പാരിസ് : ഒരു ലക്ഷത്തി മുപ്പതിനായിരം വർഷം പഴക്കമുണ്ടെന്ന് കരുതുന്ന പല്ല് ലാവോസിലെ ഗുഹയിൽ നിന്നും കണ്ടെത്തി. മനുഷ്യരുടെ വംശനാശം സംഭവിച്ച വിഭാഗക്കാരായ ഡെനിസോവൻ വംശത്തിൽ പെട്ട പിഞ്ചുകുഞ്ഞിന്റെ പല്ലാണ് കണ്ടെത്തിയത്. തെക്ക് കിഴക്കൻ ഏഷ്യയിൽ താമസിച്ചിരുന്നെന്ന് കരുതുന്ന ഇവരുടെ അവശേഷിപ്പുകൾ ലാവോസ് ഗുഹയിൽ നിന്നാണ് കണ്ടെടുത്തത്.

മനുഷ്യരുടെ വംശനാശം സംഭവിച്ച വിഭാഗക്കാരായ ഡെനിസോവനുകളെ സംബന്ധിച്ച വിവരങ്ങൾ അടുത്തിടെയാണ് ഗവേഷകർ കണ്ടെത്തിയത്. 2010 ൽ സൈബീരിയയിലെ ഗുഹകളിൽ നിന്ന് ഒരു പെൺകുട്ടിയുടെ വിരൽ എല്ല് കണ്ടെത്തിയിരുന്നു. ഇതിലൂടെയാണ് മനുഷ്യരുമായി അടുത്ത സാമ്യമുള്ള ഡെനിസോവുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. തുടർന്ന് 2019 ൽ ടിബറ്റൻ പ്ലാറ്റ്യൂവിൽ നിന്ന് ഇവരുടെ താടിയെല്ലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഈ വിഭാഗക്കാർ ചൈനയിലും ജീവിച്ചിരുന്നു എന്നതിന്റെ തെളിവാണിത്.

വനവാസികളായ ഓസ്ട്രേലിയക്കാർക്കും പാപ്പുവ ന്യൂ ഗിനിയയിലെ ആളുകൾക്കും പുരാതന ഡെനിസോവുകളുടെ ഡിഎൻഎയുടെ അഞ്ച് ശതമാനം വരെ ഉണ്ടെന്നാണ് ഗവേഷകരുടെ നിഗമനം. തെക്ക് കിഴക്കൻ ഏഷ്യയിലും ഓഷ്യാനിയയിലും ഇവരുടെ അവശേഷിപ്പുകൾ കാണാമെന്നും ഗവേഷകർ പറയുന്നു.