ബംഗ്ലൂരു: കന്നഡ സീരിയല്‍ നടി ചേതന രാജിന്‍റെ മരണത്തില്‍ ബെംഗ്ലൂരുവിലെ കോസ്മെറ്റിക് ക്ലിനിക്കിനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ശസ്ത്രക്രിയ നടത്തുന്നതിന് ആവശ്യമായ അത്യാധുനിക സൗകര്യങ്ങളും അംഗീകാരവും ക്ലിനിക്കിന് ഇല്ലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഒരു ജീവനക്കാരി അടക്കം രണ്ട് പേരെ ചോദ്യം ചെയ്തു. നടത്തിപ്പുകാരനായ ഡോക്ടര്‍ അടക്കം ഒളിവില്‍ പോയവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ചികിത്സാപ്പിഴവാണ് നടിയുടെ മരണകാരണമെന്ന കുടുംബത്തിന്‍റെ ആരോപണം ശരിവയ്ക്കുന്നതാണ് പൊലീസിന്റെ കണ്ടെത്തലുകൾ. ശരീരത്തിലെ കൊഴുപ്പ് നീക്കാനായി ചേതന രാജ് ശസ്ത്രക്രിയ നടത്തിയ ഷെട്ടീസ് ക്ലിനിക്കില്‍ ഐഎംഎ മാനദണ്ഡം അനുസരിച്ചുള്ള സൗകര്യങ്ങള്‍ ഇല്ലായിരുന്നു. അടിയന്തര സാഹചര്യങ്ങള്‍ക്കുള്ള തീവ്രപരിചരണ സംവിധാനവും പ്രവര്‍ത്തിച്ചിരുന്നില്ല.
കൊഴുപ്പ് നീക്കുന്നതിന് ഒപ്പം സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള പ്ലാസ്റ്റിക് സര്‍ജറിക്കും ചേതന രാജ് ക്ലിനിക്കില്‍ പണം അടച്ചിരുന്നു. കൊഴുപ്പ് മാറ്റുന്നതിനുള്ള ശസ്ത്രക്രിയ്ക്ക് പിന്നാലെ ശ്വാസകോശത്തിലും കരളിലും ദ്രാവകം നിറഞ്ഞാണ് നടി മരിച്ചത്. അമിത വണ്ണമുള്ളവര്‍ക്ക് ആഹാരനിയന്ത്രണം, വ്യായാമം എന്നിവയിലൂടെ ഭാരം നിയന്ത്രിക്കാനാകാത്ത സ്ഥിതിയില്‍ മാത്രമാണ് കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയ നടത്താറുള്ളത്. ചേതന രാജിന് അമിത് വണ്ണമോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല. വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ആവശ്യമായ പരിശോധനകള്‍ നടത്തി മാത്രമാണ് ശസ്ത്രക്രിയക്ക് അനുമതി നല്‍കേണ്ടത്. എന്നാല്‍ ഇതൊന്നും ഷെട്ടീസ് ക്ലിനിക്ക് പാലിച്ചില്ല.
ശസ്ത്രക്രിയക്ക് പിന്നാലെ ബോധരഹിതയായ നടിയെ കോസ്മെറ്റിക് ക്ലിനിക്കിലെ ജീവനക്കാര്‍ സമീപത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയായ കേഡെയില്‍ നിര്‍ബന്ധിച്ച് പ്രവേശിപ്പിച്ചിരുന്നു. ഹൃദയാഘാതം സംഭവിച്ച രോഗിയെ പോലെ ചികിത്സിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ക്ലിനിക്കിലെ ജീവനക്കാര്‍ക്ക് എതിരെ കേഡെ ആശുപ്ത്രിയും പരാതി നല്‍കിയിട്ടുണ്ട്. ക്ലിനിക്കിലെ അനസ്തീഷ്യ വിദഗ്ധനെയും ഒരു ജീവനക്കാരിയെയും പൊലീസ് ചോദ്യം ചെയ്തു. ക്ലിനിക്കിന്‍റെ നടത്തിപ്പുകാരനായ ഡോക്ടറും മറ്റൊരു സഹായിയും ഒളിവിലാണ്. ഇവര്‍ക്കായി മൈസൂരുവിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
Home Entertainment കന്നഡ സീരിയല്‍ നടി ചേതന രാജിന്‍റെ മരണം ചികിത്സാപ്പിഴവ്, കോസ്മെറ്റിക് ക്ലിനിക്കിനെതിരെ കേസ്