ചിറ്റഗോങ്ങില്‍ നടക്കുന്ന ബംഗ്ലാദേശ്-ശ്രീലങ്ക ആദ്യ ടെസ്റ്റിൽ വില്ലനായി ചൂട്

0
102

ചിറ്റഗോങ്: ചിറ്റഗോങ്ങില്‍ നടക്കുന്ന ബംഗ്ലാദേശ്-ശ്രീലങ്ക ആദ്യ ടെസ്റ്റില്‍(Bangladesh vs Sri Lanka 1st Test) വില്ലനായി ചൂട്. മത്സരത്തിനിടെ ചൂട് തളര്‍ത്തിയതിനെ തുടര്‍ന്ന് ഫീല്‍ഡ് അംപയര്‍ റിച്ചാർഡ് കെറ്റിൽബറോമിന്(Richard Kettleborough) മൈതാനം വിടേണ്ടിവന്നു. തുടര്‍ന്ന് ടിവി അംപയര്‍ ജോ വില്‍സന്‍(Joe Wilson) എത്തി പകരക്കാരനായി മത്സരം നിയന്ത്രിക്കുകയായിരുന്നു . 
സംഭവത്തിന് പിന്നാലെ മത്സരത്തിന് ചെറിയ ഇടവേള അനുവദിച്ചു. താരങ്ങളെല്ലാം വലിയ കുടയ്‌ക്ക് കീഴെ നിന്ന് ധാരാളം വെള്ളംകുടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാനായി.
നാലാം ദിനം കളി പുരോഗമിക്കുമ്പോള്‍ ശ്രീലങ്ക രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 33 റണ്‍സെന്ന നിലയിലാണ്. ലങ്കയുടെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 397 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 465ല്‍ ഡിക്ലെയര്‍ ചെയ്‌തിരുന്നു. തമീം ഇക്‌ബാല്‍(218 പന്തില്‍ 133), മുഷ്‌ഫീഖുര്‍ റഹീം(282 പന്തില്‍ 105), ലിറ്റണ്‍ ദാസ്(189 പന്തില്‍ 88), മഹ്‌മൂദുള്‍ ഹസന്‍ ജോയ്(142 പന്തില്‍ 58) എന്നിവരുടെ ബാറ്റിംഗാണ് ബംഗ്ലാദേശിനെ തുണച്ചത്. രജിത നാലും അസിത ഫെര്‍ണാണ്ടോ മൂന്നും വിക്കറ്റ് പേരിലാക്കി.  
നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ഏയ്ഞ്ചലോ മാത്യൂസിന്‍റെ ബാറ്റിംഗ് മികവില്‍ ലങ്ക 397 റണ്‍സെടുത്തിരുന്നു. ഒരു റണ്‍സകലെ മാത്യൂസിന് ഇരട്ട ശതകം നഷ്‌ടമായി. 397 പന്തില്‍ 19 ഫോറും ഒരു സിക്‌സും സഹിതമാണ് മാത്യൂസ് 199 റണ്‍സെടുത്തത്. കുശാല്‍ മെന്‍ഡിസും(131 പന്തില്‍ 54), ദിനേശ് ചാന്ദിമലും(148 പന്തില്‍ 66) അര്‍ധ സെഞ്ചുറി നേടി. ബംഗ്ലാദേശിനായി നയീം ഹസന്‍ ആറും ഷാക്കിബ് അല്‍ ഹസന്‍ മൂന്നും വിക്കറ്റ് നേടി.