കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ 445 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

0
75

തിരുവനന്തപുരം: ശമ്പള പ്രതിസന്ധി തുടരുന്നതിനിടെ കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ 445 കോടി രൂപ അനുവദിച്ചു. എന്നാല്‍ മന്ത്രിസഭാ യോഗത്തില്‍ ശമ്പളപ്രതിസന്ധി ചര്‍ച്ചയായില്ല. തീരുമാനത്തിനെതിരെ തൊഴിലാളി യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. അതിനിടെ പ്രശ്‌ന പരിഹാരത്തിനായി ഗതാഗത വകുപ്പ് മന്ത്രിയും ധനവകുപ്പ് മന്ത്രിയും കൂടിയാലോചന നടത്തി.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ശമ്പള പ്രതിസന്ധിക്ക് പരിഹാരമുണ്ടാകുമെന്നായിരുന്നു കെഎസ്ആര്‍ടിസി തൊഴിലാളികളുടെ പ്രതീക്ഷ. എന്നാല്‍ വിഷയം ചര്‍ച്ചയായില്ല. പകരം കെഎസ്ആര്‍ടിസിക്ക് പുതിയ 700 സിഎന്‍ജി ബസുകള്‍ വാങ്ങാന്‍ 445 കോടി രൂപ അനുവദിച്ചു. സിഎന്‍ജി കേരളത്തില്‍ ബസുകള്‍ പ്രായോഗികമല്ലെന്നും ശമ്പള പ്രതിസന്ധി പരിഹരിക്കാതെ പുതിയ ബസുകള്‍ വാങ്ങുന്നത് അംഗീകരിക്കാനാകില്ലെന്നും തൊഴിലാളിസംഘടനകള്‍ വ്യക്തമാക്കി.

ശമ്പള പ്രതിസന്ധിയില്‍ ഭരണാനുകൂല സംഘടനയായ സിഐടിയു വെള്ളിയാഴ്ച മുതല്‍ സമരം ആരംഭിക്കും. മെയ് പകുതി പിന്നിട്ടിട്ടും തൊഴിലാളികള്‍ക്ക് ഏപ്രില്‍ മാസത്തെ ശമ്പളം നല്‍കാന്‍ മാനേജ്‌മെന്റിനായിട്ടില്ല. പ്രശ്‌ന പരിഹാരത്തിനായി ഗതാഗത വകുപ്പ് മന്ത്രിയും ധനവകുപ്പ് മന്ത്രിയും ഇന്ന് കൂടിയാലോചന നടത്തി. അധിക ധനസഹായം കണ്ടെത്തുന്നതും, വായ്പയ്ക്ക് സര്‍ക്കാര്‍ ഈട് നില്‍ക്കുന്നതുമാണ് സര്‍ക്കാര്‍ ആലോചനയിലുള്ളത്. വിദേശത്തുള്ള എം.ഡി. ബിജു പ്രഭാകര്‍ നാളെ തിരികെയെത്തിയശേഷം മാത്രമേ ശമ്പളക്കാര്യത്തില്‍ പുതിയ തീരുമാനങ്ങള്‍ ഉണ്ടാവൂ.