Friday
9 January 2026
30.8 C
Kerala
HomeIndiaഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയ സ്ഥലം സംരക്ഷിക്കണമെന്ന് സുപ്രീംകോടതി

ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയ സ്ഥലം സംരക്ഷിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയ സ്ഥലം സംരക്ഷിക്കണമെന്ന് സുപ്രീംകോടതി.
അതേസമയം, ഉത്തരവ് ഒരു തരത്തിലും മുസ്ലിംകളെ നമസ്‌കാരത്തിനോ മതപരമായ അനുഷ്ഠാനങ്ങള്‍ക്കോ പള്ളിയിലേക്കുള്ള പ്രവേശനത്തെയോ തടസ്സപ്പെടുത്തുന്നതല്ലെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. പള്ളിയുടെ സംരക്ഷണം ജില്ലാ മജിസ്‌ട്രേറ്റിനാണെന്നും ബെഞ്ച് വ്യക്തമാക്കി.

പള്ളിയില്‍ നിന്ന് ശിവലിംഗം കണ്ടെത്തിയതായി പരാതിക്കാരനാണ് പറയുന്നതെന്നും അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും മസ്ജിദ് കമ്മിറ്റി വാദിച്ചു. സര്‍വെ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന മസ്ജിദ് കമ്മീഷന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

അതേസമയം, ഗ്യാന്‍വാപി മസ്ജിദ് സര്‍വെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അഭിഭാഷ കമ്മീഷണര്‍ അജയ് മിശ്രയെ മാറ്റി വാരാണസി ജില്ലാ കോടതി. കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടുദിവസത്തെ സമയം അനുവദിച്ചു.

സര്‍വെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതിനാണ് മിശ്രയെ മാറ്റിയത്. അഭിഭാഷക കമ്മീഷനില്‍ അംഗമായ മറ്റു രണ്ട് അഭിഭാഷകര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി രണ്ടുദിവസത്തെ സമയം കൂടി അനുവദിച്ചു. റിപ്പോര്‍ട്ട് തയ്യാറായിട്ടില്ലെന്നും കൂടുതല്‍ സമയം വേണമെന്നും കമ്മീഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

സിവില്‍ ജഡ്ജ് രവികുമാര്‍ ദിവാകര്‍ ആണ് കേസ് പരിഗണിച്ചത്. കൂടുതല്‍ സമയം ചോദിച്ച്‌ സ്‌പെഷ്യല്‍ അഡ്വക്കേറ്റ് കമ്മീഷണര്‍ വിശാല്‍ സിങ് ആണ് ബെഞ്ചിനെ സമീപിച്ചത്. ഗ്യാന്‍വാപി മസ്ജിദില്‍ പുതിയ സര്‍വെ നടത്തണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരും അപേക്ഷ നല്‍കിയിരുന്നു.

ഗ്യാന്‍വാപി മസ്ജിദിലെ കുളത്തില്‍ നിന്ന് ശിവലിംഗം കണ്ടെത്തി എന്നതുള്‍പ്പെടെ സര്‍വെ വിവരങ്ങള്‍ പുറത്തായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹിന്ദു ഗ്രൂപ്പ് കോടതിയെ സമീപിക്കുകയും സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് കോടതി, പ്രദേശം സീല്‍ ചെയ്യാന്‍ ഉത്തരവിട്ടിരുന്നു.

കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മസ്ജിദിന് എതിരെയാണ് ഹിന്ദുത്വ സംഘടനകള്‍ പരാതിയുമായി രംഗത്തെത്തിയത്. ഇതേത്തുടര്‍ന്ന് വാരണാസിയിലെ കോടതി, അഭിഭാഷക കമ്മീഷന്റെ മേല്‍നോട്ടത്തില്‍ പള്ളിയില്‍ വീഡിയോ സര്‍വെ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയോട് നിര്‍ദേശിക്കുകയായിരുന്നു.

2021ല്‍ രാഖി സിങ്, ലക്ഷ്മി ദേവി, സീതാ സാഹു എന്നീ ഡല്‍ഹി സ്വദേശിനികള്‍ പള്ളിയ്ക്കുള്ളില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ ഉണ്ടെന്നും നിത്യപൂജയ്ക്ക് അവസരം നല്‍കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.

RELATED ARTICLES

Most Popular

Recent Comments