ഒറ്റമൂലി വൈദ്യൻ്റെ കൊലപാതകം: മുഖ്യപ്രതിയുടെ ഭാര്യയും മുൻ എ.എസ്.ഐയും മുൻകൂര്‍ ജാമ്യാപേക്ഷയുമായി കോടതിയിൽ

0
103

മലപ്പുറം:  കര്‍ണാടക സ്വദേശി ഷാബ ഷെറീഫ് കൊല കേസിൽ അറസ്റ്റിലായ ഷൈബിന്‍ അഷറഫിൻ്റെ ഭാര്യ ഫസ്‌നയും നിയമോപദേശം നൽകിയ മുൻ എഎസ്ഐ സുന്ദരൻ എന്നിവർ നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍  ഹൈക്കോടതി പൊലീസിൻ്റെ വിശദീകരണം തേടി (Nilambur double murder case).
ഷാബ ഷെറീഫിനെ തടവിൽ പാര്‍പ്പിച്ച കാലത്തും കൊലപ്പെടുത്തിയപ്പോഴും ഫസ്ന വീട്ടിലുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. എഎസ്ഐ ആയിരുന്ന സുന്ദരൻ പല കാര്യങ്ങളിലും നിയമസഹായം ലഭ്യമാക്കിയിരുന്നതായി ഷൈബിൻ പൊലീസിന് മൊഴി നൽകിയിരുന്നു.ഇതേ തുടർന്ന് അറസ്റ്റ് ഒഴിവാക്കാനാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. ഇരുവരുടേയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മേയ് 25-ലേക്ക് മാറ്റി.
2019 ലാണ് മൈസൂര്‍ സ്വദേശിയായ വൈദ്യന്‍ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി നിലമ്പൂര്‍ കൈപ്പഞ്ചേരി സ്വദേശി ഷൈബിന്‍ അഷ്റഫിൻ്റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ട് പോയത്. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരില്‍ ചികിത്സാ കേന്ദ്രത്തില്‍ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിലെത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസ്സിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു മുഖ്യ പ്രതിയുടെ ലക്ഷ്യം.
അതിനിടെ ഷൈബിന്‍ അഷ്റഫ്, കൂട്ടുപ്രതി ഷിഹാബുദ്ദീന്‍ നിഷാദ് എന്നിവരെ അന്വേഷണസംഘത്തിന് കസ്റ്റഡിയില്‍ ലഭിച്ചു. മഞ്ചേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഏഴ് ദിവസത്തെ കസ്റ്റഡിയിലാണ് ലഭിച്ചത്. പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്ന് ആരംഭിച്ചു. നാളെ രാവിലെ കൊലപാതകം നടന്ന നിലമ്പൂര്‍ മുക്കട്ടയിലെ ഇരുനില വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കൂട്ടുപ്രതി നൗഷാദിൻ്റെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.
അതേസമയം പാരമ്പര്യ വൈദ്യന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മലപ്പുറം പൊലീസിന്‍റെ കസ്റ്റഡിയിലുളള ഷൈബിന്‍ അഷ്റഫിനെതിരായ മറ്റ് പരാതികളില്‍ അന്വേഷണം വൈകുകയാണ്. ബിസിനസ് പങ്കാളി ഹാരിസിന്‍റേതടക്കം മറ്റ് മൂന്ന് പേരുടെ മരണത്തിനു പിന്നിലും ഷൈബിനാണെന്ന ആരോപണം ശക്തമായിട്ടും അന്വേഷണം തുടങ്ങിയിട്ടില്ല. മുഖ്യമന്ത്രിക്കടക്കം നേരത്തെ പരാതി നല്‍കിയിട്ടും അന്വേഷണവും നടക്കാതെ പോയതാണ് ഷൈബിന് തുണയായതെന്ന് ഹാരിസിന്‍റെ കുടുംബം ആരോപിച്ചു.
കൂടത്തായ് കേസിന് സമാനമായ രീതീയില്‍ ഷൈബിന്‍ അഷ്റഫ് കൊലപാതക പരന്പര ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്ന ആരോപണങ്ങളും തെളിവുകളും പുറത്ത് വന്നിട്ടും അന്വേഷണമത്രയും ഇപ്പോഴും ചുറ്റിത്തിരിയുന്നത് മൈസൂര്‍ സ്വദേശിയായ പാരമ്പര്യ വൈദ്യന്‍റ കൊലപാതകത്തില്‍ തന്നെയാണ്. ഷൈബിന്‍റെ ബിസിനസ് പങ്കാളിയായിരുന്ന ഹാരിസ്, ഹാരിസിന്‍റെ മാനേജര്‍ ചാലക്കുടി സ്വദേശിയായ യുവതി, വയനാട് ബത്തേരി സ്വദേശി ദീപേഷ് എന്നിവരുടെ ദുരൂഹ മരണത്തിനു പിന്നിലും ഷൈബിന്‍ അഷ്റഫെന്ന ആരോപണമാണ് ബന്ധുക്കളും നാട്ടുകാരും ഉന്നയിക്കുന്നത്.
ഹാരിസിനെയും യുവതിയെയും ഷൈബിന്‍റെ നിര്‍ദ്ദേശപ്രകാരം തങ്ങളാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പിടിയിലുളള നൗഷാദ് അടക്കമുളള പ്രതികള്‍ വെളിപ്പെടുത്തുകയും തെളിവുകള്‍ പുറത്തുവരികയും ചെയ്തിട്ടും അന്വേഷണം തുടങ്ങിടയിട്ടില്ല. വിവിധ ജില്ലകളിലും കര്‍ണാടക, അബുദാബി തുടങ്ങിയ സ്ഥലങ്ങളിലുമായ നടന്ന കുറ്റകൃത്യങ്ങളായതിനാല്‍ മലപ്പുറം പൊലീസിന് മാത്രമായി അന്വേഷണം നടത്തുന്നതിന് പരിമിതിയുണ്ട്. ഈ സാഹചര്യത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
തന്നെ വധിക്കാനെത്തിയ ക്വട്ടേഷന്‍ സംഘത്തെക്കുറിച്ച് ഹാരിസ് കൃത്യമായ വിവരം പൊലീസിന് നല്‍കുകയും പൊലീസ് ഈ സംഘത്തെ പിടകൂടുകയും ചെയ്തിട്ടും പിന്നീട് കാര്യമായ അന്വേഷം നടക്കാതെ പോയതാണ് വിനയായതെന്ന് ഹാരിസിന്‍റെ കുടുംബം പറയുന്നു. തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും  ഹാരിസ് പരാതിയുടെ തെളിവുകളും ഇവര്‍ പുറത്ത് വിട്ടു. ഒടുവില്‍ സ്വയരക്ഷയ്ക്കായി ഹാരിസ് തോക്കിന് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു.
ബത്തേരി സ്റ്റേഷനിലെ മുന്‍ എസ്ഐ സുന്ദരന്‍ അടക്കം പൊലീസ് ഉദ്യോഗസ്ഥരും ഷൈബിന്‍റെ സഹായികളായി പ്രവര്‍ത്തിച്ചിരുന്നു. തെളിവുകളില്ലാതെ കൊലപാതകങ്ങള്‍ നടത്താന്‍ ഷൈബിനെ ഈ ഘടകങ്ങളെല്ലാം സഹായിച്ചെന്ന വിവരങ്ങള്‍കൂടി പുറത്തുവരുന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നത്.