ഒറ്റമൂലി വൈദ്യൻ്റെ കൊലപാതകം: മുഖ്യപ്രതിയുടെ ഭാര്യയും മുൻ എഎസ്ഐയും മുൻകൂര്‍ ജാമ്യാപേക്ഷയുമായി കോടതിയിൽ

0
40

മലപ്പുറം: കര്‍ണാടക സ്വദേശി ഷാബ ഷെറീഫ് കൊല കേസിൽ അറസ്റ്റിലായ ഷൈബിന്‍ അഷറഫിൻ്റെ ഭാര്യ ഫസ്‌നയും നിയമോപദേശം നൽകിയ മുൻ എഎസ്ഐ സുന്ദരൻ എന്നിവർ നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പൊലീസിൻ്റെ വിശദീകരണം തേടി. ഷാബ ഷെറീഫിനെ തടവിൽ പാര്‍പ്പിച്ച കാലത്തും കൊലപ്പെടുത്തിയപ്പോഴും ഫസ്ന വീട്ടിലുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. എഎസ്ഐ ആയിരുന്ന സുന്ദരൻ പല കാര്യങ്ങളിലും നിയമസഹായം ലഭ്യമാക്കിയിരുന്നതായി ഷൈബിൻ പൊലീസിന് മൊഴി നൽകിയിരുന്നു.ഇതേ തുടർന്ന് അറസ്റ്റ് ഒഴിവാക്കാനാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. ഇരുവരുടേയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മേയ് 25-ലേക്ക് മാറ്റി.

2019 ലാണ് മൈസൂര്‍ സ്വദേശിയായ വൈദ്യന്‍ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി നിലമ്പൂര്‍ കൈപ്പഞ്ചേരി സ്വദേശി ഷൈബിന്‍ അഷ്റഫിൻ്റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ട് പോയത്. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരില്‍ ചികിത്സാ കേന്ദ്രത്തില്‍ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിലെത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസ്സിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു മുഖ്യ പ്രതിയുടെ ലക്ഷ്യം.

അതിനിടെ ഷൈബിന്‍ അഷ്റഫ്, കൂട്ടുപ്രതി ഷിഹാബുദ്ദീന്‍ നിഷാദ് എന്നിവരെ അന്വേഷണസംഘത്തിന് കസ്റ്റഡിയില്‍ ലഭിച്ചു. മഞ്ചേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഏഴ് ദിവസത്തെ കസ്റ്റഡിയിലാണ് ലഭിച്ചത്. പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്ന് ആരംഭിച്ചു. നാളെ രാവിലെ കൊലപാതകം നടന്ന നിലമ്പൂര്‍ മുക്കട്ടയിലെ ഇരുനില വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കൂട്ടുപ്രതി നൗഷാദിൻ്റെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.