പ്ലാസ്റ്റിക് സര്‍ജറിക്കിടെ നടിയുടെ മരണം; ക്ലിനിക്കിന് അംഗീകാരമില്ല, ഡോക്ടര്‍മാരും ജീവനക്കാരും മുങ്ങി

0
73

ബെംഗളൂരു: കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയ്ക്കിടെ സീരിയല്‍ നടി മരണപ്പെട്ട വാര്‍ത്തയറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് കര്‍ണാടക. നടി ചേതന രാജിന്‍റെ മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സര്‍ജറി നടന്ന ക്ലിനിക്കില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബെംഗ്ലൂരു രാജാജി നഗറില്‍ പ്രവര്‍ത്തിച്ചിരുന്ന ഷെട്ടീസ് കോസ്മെറ്റിക്സ് ക്ലിനിക്കിന് അംഗീകാരം ഇല്ലായിരുന്നുവെന്ന് വ്യക്തമായി. ചേതന രാജിന്‍റെ മരണത്തിന് പിന്നാലെ ഷെട്ടീസ് ക്ലിനിക് പൂട്ടിയ നിലയിലാണ്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ അടക്കം ക്ലിനിക്കിലെ ജീവനക്കാരെല്ലാം ഒളിവിലാണ്.

തിങ്കളാഴ്ച രാവിലെ 8.30 നാണ് ബെംഗളൂരുവിലെ രാജാജിനഗറിലെ നവരംഗ് തീയേറ്ററിന് എതിർ വശത്തുള്ള ബെംഗ്ലൂരുവിലെ ഷെട്ടീസ് കോസ്മെറ്റിക് ക്ലിനിക്കില്‍ 21കാരിയായ നടി ചേതന രാജ് എത്തിയത്. മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം കൊഴുപ്പ് നീക്കുന്ന ശസ്ത്രക്രിയക്കായി. വലിയ തുകയാണ് കൊഴുപ്പ് മാറ്റുന്ന ശസ്ത്രക്രിയക്കായി ഷെട്ടീസ് കോസ്മെറ്റിക് ക്ലിനിക്ക് വാങ്ങിയിരുന്നത്. രണ്ട് ഡോക്ടര്‍മാരും രണ്ട് അനസ്തീസിസ്റ്റുമാണ് ഈ ക്ലിനിക്കിലുള്ളത്. ടിവി സീരിയില്‍ രംഗത്തെ നിരവധി പേര്‍ സ്ഥിരം സന്ദര്‍ശകരാണ്. പതിനൊന്ന് മണിയോടെ നടന്ന കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയ്ക്ക് പിന്നാലെ ചേതന രാജിന് കടുത്ത ശ്വാസതടവും തളര്‍ച്ചയും അനുഭവപ്പെടുകയായിരുന്നു. സർജറിയിലെ സങ്കീർണത കാരണം ശ്വാസകോശത്തിലും കരളിലും വെള്ളം അടിഞ്ഞുകൂടി.

പിന്നാലെ ബോധരഹിതയായ നടിയെ വൈകിട്ടോടെ കോസ്മെറ്റിക് ക്ലിനിക്കിലെ മെല്‍വിന്‍ എന്ന ഡോക്ടര്‍ സമീപത്തെ മറ്റൊരു സ്വകാര്യ ആശുപ്ത്രിയായ കാഡെയില്‍ എത്തിക്കുകയായിരുന്നു. ഹൃദയാഘാതം എന്ന് പറഞ്ഞാണ് ആശുപ്ത്രിയില്‍ എത്തിച്ചത്. ഹൃദയാഘാതം ഉണ്ടായ രോഗിയെപ്പോലെ നടിയെ ചികിത്സിക്കണമെന്ന് ക്ലിനിക്കിലെ ഡോക്ടര്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരെ ഭീഷണിപ്പെടുത്തി. 45 മിനിട്ടോളം സിപിആർ ഉൾപ്പെടെ നടത്തിയെങ്കിലും ചേതനയെ രക്ഷിക്കാനായില്ല. തുടർന്ന് കാഡെ ആശുപത്രിയിലെ ഡോക്ടർമാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും നടി മരിച്ചിരുന്നുവെന്നും ഐസിയുവിലേക്ക് ക്ലിനിക്കിലെ ഡോക്ടര്‍ നിര്‍ബന്ധിച്ച് മാറ്റിയെന്നും കാഡെ ആശുപത്രി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.