ജമ്മു കശ്മീരിൽ 2 ലഷ്‌കർ ഭീകര കൂട്ടാളികൾ പിടിയിൽ

0
46

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ രണ്ട് തീവ്രവാദി കൂട്ടാളികളെ അറസ്റ്റ് ചെയ്തു. പൊലീസും സുരക്ഷാ സേനയും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് സ്‌ഫോടക വസ്തുക്കളും വെടിക്കോപ്പുകളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

സാഹിദ് അഹമ്മദ് ഷെയ്ഖ്, സാഹിൽ ബഷീർ ദാർ എന്നിവരാണ് പിടിയിലായത്. ചന്ദ്പോര പ്രദേശത്ത് സ്ഥാപിച്ച ചെക്ക് പോയിന്റ് സമീപം, സൈന്യവും (62RR), CRPF (43Bn) എന്നിവരോടൊപ്പം ബുദ്ഗാമിലെ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഇവർ പിടിയിലാവുകയായിരുന്നു.

നിരോധിത ഭീകര സംഘടനയായ ലഷ്‌കറിന്റെ കുറ്റകരമായ വസ്തുക്കൾ, ഒരു കൈ ഗ്രനേഡ്, രണ്ട് പിസ്റ്റൾ മാഗസിനുകൾ, 15 എകെ 47 റൗണ്ടുകൾ എന്നിവയുൾപ്പെടെ സ്‌ഫോടക വസ്തുക്കളും വെടിക്കോപ്പുകളും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ പരിശോധന നടന്നു വരികയാണ്.