ഐപിഎല്ലില്‍ മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണെ പ്രശംസകൊണ്ട് മൂടി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍

0
122

മുംബൈ: ഐപിഎല്ലില്‍ മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണെ പ്രശംസകൊണ്ട് മൂടി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.
ഐപിഎല്ലില്‍ ഈ സീസണിലെ ഏറ്റവും മികച്ച യുവ ക്യാപ്റ്റന്‍മാരില്‍ ഒരാള്‍ സഞ്ജുവാണെന്നാണ് ഇര്‍ഫാന്റെ അഭിപ്രായം. ട്വിറ്ററിലൂടെയായിരുന്നു ഇര്‍ഫാന്റെ പ്രതികരണം.
‘ഈ സീസണിലെ ഏറ്റവും മികച്ച യുവക്യാപ്റ്റന്മാരില്‍ ഒരാളാണ് സഞ്ജു സാംസണ്‍. റണ്‍സ് പ്രതിരോധിക്കുമ്പോഴാണ് ഒരു ക്യാപ്റ്റന്റെ റോള്‍ എന്തെന്ന് കൂടുതലായി കാണാനാവുക. രാജസ്ഥാന്‍ റോയല്‍സ് അത് സ്ഥിരമായി ചെയ്യുന്നു.’ – ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിച്ചു.
സീസണില്‍ ഇതുവരെ 13 കളികളില്‍ നിന്ന് സഞ്ജു 359 റണ്‍സ് നേടിയിട്ടുണ്ട്. 153.41 സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ സ്‌കോറിങ്. രണ്ട് അര്‍ധ സെഞ്ചുറിയും സഞ്ജുവിന്റെ അക്കൗണ്ടിലുണ്ട്.
നിലവില്‍ 13 കളികളില്‍ നിന്ന് 16 പോയന്റുള്ള രാജസ്ഥാന്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട്. നിര്‍ണായകമായ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ തകര്‍ത്തതോടെയാണ് രാജസ്ഥാന്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയത്. അവസാന മത്സരം ജയിച്ചാല്‍ ടീം പ്ലേ ഓഫ് ഉറപ്പാക്കും. തോറ്റാലും രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യത ഇല്ലാതാകാന്‍ അദ്ഭുതങ്ങള്‍ സംഭവിക്കേണ്ടതായി വരും.