സംസ്ഥാനത്ത് തന്നെ എറ്റവും വലിയ വിപണനമേളയൊരുക്കി ചരിത്രമായി മാറിയിരിക്കുകയാണ് തിരൂരിലെ ‘എന്റെ കേരളം’ വിപണനമേള

0
88

മലപ്പുറം: സംസ്ഥാനത്ത് തന്നെ എറ്റവും വലിയ വിപണനമേളയൊരുക്കി ചരിത്രമായി മാറിയിരിക്കുകയാണ് തിരൂരിലെ ‘എന്റെ കേരളം’ വിപണനമേള. 47 ലക്ഷം രൂപയുടെ വിറ്റുവരവ് നേടി റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് വിവിധ വകുപ്പുകളുടെ വിപണനസ്റ്റാളുകളും ഫുഡ്‌കോര്‍ട്ടും. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തിരൂര്‍ ബോയ്‌സ് സ്‌കൂളില്‍ സംഘടിപ്പിച്ച ‘എന്റെ കേരളം’ പ്രദര്‍ശന വിപണന ഭക്ഷ്യ മേളയിലാണ് തകര്‍പ്പന്‍ നേട്ടങ്ങള്‍ കൈവരിച്ചിരിക്കുന്നത്. 
വിവിധ വകുപ്പുകളുടെയും വ്യവസായ വകുപ്പിന്റെ വിവിധ സംരംഭക യൂണിറ്റുകളടക്കമുള്ള 100 വിപണന സ്റ്റാളുകളിലൂടെ 25 ലക്ഷം രൂപയുടെ വരുമാനവും കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടിലൂടെ 15 ലക്ഷവും ഫിഷറീസ് വകുപ്പിന്റെ തീരമൈത്രി ഫുഡ്‌കോര്‍ട്ടില്‍ 3, 60, 000 രൂപയുടെ വില്‍പനയും മില്‍മയുടെ ഔട്ട്‌ലെറ്റില്‍ 3.5 ലക്ഷം രൂപയുടെ വില്‍പനയും നടന്നിട്ടുണ്ട്. 35 ലക്ഷം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇതിനകം ബുക്കിങ് നേടാനായിട്ടുണ്ട്. ഇതിനു പുറമേ പാലിയേറ്റീവ്, പ്രതീക്ഷാഭവന്‍ തുടങ്ങിയ വിവിധ യൂണിറ്റുകളും ഒരുക്കിയ സ്റ്റാളുകളും റെക്കോര്‍ഡ് വരുമാനം നേടിയിട്ടുണ്ട്. വ്യവസായ വകുപ്പിന്റെ കീഴിലുള്ള 73 സംരംഭക യൂണിറ്റുകളും കുടുംബശ്രീ 15 യൂണിറ്റുകളും മറ്റ് വകുപ്പുകളുടെ സ്റ്റാളുകളുമാണ് വിപണനമേളയില്‍ പങ്കെടുത്തിരുന്നത്.
കുടുംബശ്രീയുടെ മുത്തൂസ് കാറ്ററിങ് യൂണിറ്റാണ് ഫുഡ്‌കോര്‍ട്ടില്‍ എറ്റവും കൂടുതല്‍ വരുമാനം നേടിയത്. അട്ടപ്പാടി ഊരുകളില്‍ നിന്നുള്ള വനസുന്ദരി ചിക്കന്‍ വിഭവവും എറണാകുളത്ത് നിന്നുള്ള ട്രാന്‍സജെന്‍ഡര്‍ യുവതികള്‍ നടത്തിയ ലക്ഷ്യ ജ്യൂസ് സ്റ്റാളും തലക്കാട് പ്രവാസി യൂണിറ്റിന്റെ മലബാര്‍ സ്‌നാക്‌സും കുടുംബശ്രീക്ക് കൂടുതല്‍ വിറ്റുവരവ് നേടികൊടുത്തു. ചിക്കന്‍ പൊട്ടിത്തെറിച്ചത്, കരിംജീരക കോഴി, നൈസ് പത്തിരി, പഴം നിറച്ചത്, കുഞ്ഞിത്തലയണ എന്നിവക്കൊപ്പം ഉന്നക്കായ, ചട്ടിപത്തിരി തുടങ്ങിയ മലബാര്‍ സ്‌നാക്‌സ് ഇനങ്ങളടക്കം വൈവിധ്യമാര്‍ന്ന രുചിവിഭവങ്ങള്‍ ഒരുക്കിയാണ് കുടുംബശ്രീ ജനങ്ങളെ ആകര്‍ഷിച്ചത്. ഫിഷറീസ് വകുപ്പ് തീരമൈത്രിയുടെ നേതൃത്വത്തില്‍ വ്യത്യസ്തമായ മത്സ്യവിഭവങ്ങള്‍ ഒരുക്കിയും ജനങ്ങളെ ആകര്‍ഷിച്ചിട്ടുണ്ട്.
കൊവിഡ് മഹാമാരിക്കും ലോക്ഡൗണിനും ശേഷം പ്രതിസന്ധിയിലായ സംരംഭകര്‍ക്ക് പിന്തുണയും പ്രോത്സാഹനവുമായിരിക്കുകയാണ് എന്റെ കേരളം വിപണനമേള. സംരംഭകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ പ്രയോജന പ്രദമായ രീതിയില്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിറ്റഴിക്കുന്നതിനും മേള അവസരം നല്‍കിയതായി മേളയില്‍ പങ്കെടുത്ത സംരംഭകര്‍ പറഞ്ഞു.