ലോട്ടറിയിൽ നിന്നും വലിയ ലാഭമില്ല, രണ്ടുലക്ഷം പേരുടെ ഉപജീവനമാർ​ഗമെന്ന് ധനമന്ത്രി

0
85

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന് ലോട്ടറിയിൽ(Kerala Lottery) നിന്നും വലിയ ലാഭമൊന്നും ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ എൻ ബാലഗോപാൽ. ചെലവും സമ്മാനത്തുകയും കഴിഞ്ഞ് ചെറിയ ലാഭം മാത്രമേ ലോട്ടറിയിൽ നിന്നും ലഭിക്കുന്നുള്ളൂ. ലാഭത്തിലുപരി രണ്ടുലക്ഷം പേരുടെ ഉപജീവനമാർഗമാണ് ലോട്ടറി എന്നും ധനമന്ത്രി വ്യക്തമാക്കി. 
ഒരുലക്ഷത്തിലധികം ആളുകൾക്ക് ജീവിക്കുന്നൊരു സംവിധാനമാണ് കേരളത്തിലെ ലോട്ടറി. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യവും. ലോട്ടറിയിലൂടെ മൂന്ന് ലക്ഷത്തോളം പേർക്ക് സമ്മാനം ലഭിക്കുന്നുണ്ടെന്നും മന്ത്രി പറയുന്നു. പുതിയ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ പ്രകാശന വേളയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. 
എല്ലാ ഞായറാഴ്ചകളിലുമാണ് ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി നറുക്കെടുക്കുക. ഒരു കോടിരൂപയാണ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം. ഈ മാസം 29നാണ് ആദ്യ നറുക്കെടുപ്പ്‌ നടക്കുക. 50 രൂപയാണ് ടിക്കറ്റ് വില. 10 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ ‌രണ്ടാം സമ്മാനം. 12 പരമ്പരയിലായി 1.08 കോടി ടിക്കറ്റ്‌ വിപണിയിലെത്തിക്കാനാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം. ടിക്കറ്റുകൾ വിൽപന പുരോ​ഗതി അനുസരിച്ച് ഘട്ടംഘട്ടമായി കൂടുതൽ ടിക്കറ്റുകൾ അച്ചടിക്കുന്നതായിരിക്കും. 

അതേസമയം, ലോട്ടറി വഴിയുള്ള തട്ടിപ്പുകൾ തടയുന്നതിനുള്ള പുതിയ മാർ​ഗത്തിന്റെ പരീക്ഷണ ഘട്ടത്തിലാണ് ലോട്ടറി വകുപ്പ്. പുതിയ ഭാഗ്യക്കുറിയില്‍ സമ്മാനത്തുക, നമ്പര്‍, തീയതി എന്നിവ ഫ്‌ളൂറസെന്റ് ലെറ്ററിങ്ങിലായിരിക്കും ഉപയോ​ഗിക്കുക. ഫോട്ടോസ്റ്റാറ്റ് എടുത്ത് തട്ടിപ്പുനടത്താന്‍ ശ്രമിച്ചാല്‍ തട്ടിപ്പുകാർ കുടുങ്ങുകയും ചെയ്യും. ഭാഗ്യക്കുറി നമ്പര്‍ തിരുത്തി ചെറിയ സമ്മാനത്തുക തട്ടിയെടുക്കുന്ന വിരുതന്മാരെ തുരത്താനാണ് ഭാ​ഗ്യക്കുറി വകുപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

ഫ്‌ളൂറസെന്റ് ടിക്കറ്റുകളിൽ ഉപയോ​ഗിക്കുന്നത് പരീക്ഷണ ഘട്ടത്തിലാണെന്ന് ലോട്ടറി വകുപ്പ് പിആർഒ അറിയിച്ചു. “പ്രിന്റിം​ഗ് പോസിബിളാണോ, മാഞ്ഞ് പോകുമോ എന്നൊക്കെ നിരീക്ഷിക്കുകയാണ്. ലോട്ടറി ടിക്കറ്റുകളുടെ അധിക സുരക്ഷ എന്ന നിലക്കാണ് ഫ്ളൂറസെന്റ് ലെറ്ററിം​ഗ് ആലോചിക്കുന്നത്. ഇക്കാര്യം ഫൈനലൈസ് ചെയ്തിട്ടില്ല. നിലവിൽ ഈ രീതിയിൽ ടിക്കറ്റുകൾ അച്ചടിച്ചിട്ടുമില്ല. പലഘട്ടങ്ങളിലായുള്ള ടെസ്റ്റിം​ഗ് നടന്നുകൊണ്ടിരിക്കുകയാണ്” എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ലോട്ടറി തട്ടിപ്പിനെ കുരിച്ച് വില്‍പനക്കാരെ ബോധവാന്മാരാക്കാൻ വകുപ്പുതല ശ്രമം ആരംഭിച്ചിട്ടുണ്ട്.