ചക്രവാതചുഴി രൂപപ്പെട്ടു; കേരളത്തിൽ മഴ തുടരും; ഉച്ചയ്‌ക്ക് ശേഷം കനത്ത മഴ

0
80

തിരുവനന്തപുരം: തെക്കൻ കർണാടകയ്‌ക്ക് മുകളിൽ ചക്രവാതചുഴി രൂപപ്പെട്ടു. ഇതിന്റെ സ്വാധീനത്തിൽ അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചുവെന്നും കേരളത്തിൽ കനത്ത മഴ തുടരാൻ കാരണമായേക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരും.

കേരളത്തിൽ തിങ്കളാഴ്ച അതിതീവ്ര മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. മെയ് 17 മുതൽ 20 വരെ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്കൻ ആൻഡമാൻ കടലിലും നിക്കോബർ ദ്വീപ് സമൂഹങ്ങളിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും കാലവർഷം ഇന്ന് എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. അതേസമയം ഇന്ന് ഉച്ചയ്‌ക്ക് ശേഷം സംസ്ഥാനത്ത് കനത്ത മഴ പെയ്‌തേക്കുമെന്നാണ് വിവരം. അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തുടരുകയാണ്.