മരിച്ചുപോയ മകന്റെ ഓര്‍മയ്ക്കായി ക്ഷേത്രം നിര്‍മിച്ച് മാതാപിതാക്കള്‍; പ്രതിഷ്ഠയും മകന്‍ തന്നെ

0
104

ചെന്നൈ: മരിച്ചു പോയ മകന്റെ ഓര്‍മയ്ക്കായി ക്ഷേത്രം നിര്‍മിച്ച് മാതാപിതാക്കള്‍. തമിഴ്‌നാട് കാഞ്ചീപുരത്താണ് വൃദ്ധരായ മാതാപിതാക്കള്‍ അഞ്ചടിയോളം ഉയരമുള്ള മകന്റെ ശില്‍പമടങ്ങുന്ന ക്ഷേത്രം നിര്‍മിച്ചത്. മകന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ എല്ലാദിവസവും പൂജയും ആരാധനയും നടത്തുകയാണ് ഈ മാതാപിതാക്കള്‍.

വിരമിച്ച അധ്യാപകന്‍ കരുണാകരനും റവന്യൂ ഓഫിസറായി വിരമിച്ച ഭാര്യ ശിവകാമിയുമാണ് ഈ മാതാപിതാക്കള്‍. വീടിന്റെയും നാടിന്റെയുമൊക്കെ പ്രിയപ്പെട്ടവനായിരുന്ന, ഇവരുടെ മകന്‍ ഹരിഹരന്‍ കഴിഞ്ഞ വര്‍ഷം മെയ് പത്തിനാണ് മരിച്ചത്. ഹൃദയസ്തംഭനമായിരുന്നു മരണ കാരണം. മകന്റെ കഥ പറയുമ്പോള്‍ ഇപ്പോഴും കരുണാകരന്റെയും ശിവകാമിയുടെയും കണ്ണുകള്‍ ഈറനണിയും. മകന്റെ പൂര്‍ണകായ പ്രതിമയുണ്ടാക്കാനുള്ള തീരുമാനം ഈ കണ്ണീരില്‍ നിന്നു തന്നെ ഉണ്ടായതാണ്. മകന്‍ എപ്പോഴും അടുത്തുതന്നെ വേണമെന്ന തീരുമാനത്തിലാണ് ഇത്.

കാഞ്ചീപുരം കോര്‍പറേഷനിലെ വേദാചലം നഗര്‍ വിനായകര്‍ കോവില്‍ തെരുവിലെ വീടിനോട് ചേര്‍ന്ന് അങ്ങനെ ഒരു ക്ഷേത്രം ഒരുങ്ങി. ഹരിഹരന്റെ ഒന്നാം ഓര്‍മനാളില്‍. അഞ്ചടിയ്ക്ക് മുകളില്‍ ഉയരമുള്ള കരിങ്കല്‍ പ്രതിമ നിര്‍മിച്ചത്, മഹാബലി പുരത്തെ ശില്‍പ നിര്‍മാതാക്കളാണ്. പിന്നീട് വീട്ടിലെത്തിച്ച് ചായം പൂശി ജീവനുള്ളതാക്കി. ഇപ്പോള്‍ ശിവകാമിയ്ക്കും കരുണാകരനും ഹരിഹരന്റെ ഭാര്യ വരലക്ഷ്മിയ്ക്കും ഹരിഹരന്‍ ഒപ്പം തന്നെയുണ്ടെന്ന തോന്നലുണ്ട്.