വാര്‍ദ്ധക്യത്തിലെ അസ്വസ്ഥത മാറ്റാൻ കുറച്ച് ഭക്ഷണ പദാര്‍ത്ഥങ്ങള്‍

0
73

ചുറുചുറുക്കോടെ ഓടി നടന്ന് കാര്യങ്ങൾ ചെയ്തിരുന്ന ആൾക്ക് വാര്‍ദ്ധക്യമെത്തുമ്പോൾ മുട്ടിനു തേയ്മാനം, അസ്ഥിക്ഷയം തുടങ്ങി നിരവധി രോഗങ്ങൾ ബാധിക്കുന്നത് സാധാരണയാണ്. എല്ലുകൾക്ക് ബലമില്ലാത്തതിനാൽ മുട്ടിനുവേദന, സന്ധിവേദന, വീക്കം, വേദന ഇവയെല്ലാം ഉണ്ടാകാം. മരുന്ന് ഒന്നും കഴിക്കാതെ തന്നെ ഈ വേദനകളും വീക്കവും എല്ലാം അകറ്റാൻ സാധിച്ചാലോ? പോഷകങ്ങളാൽ സമ്പന്നമായ ചില സൂപ്പർ ഫുഡുകൾ അതിനു സഹായിക്കും. അവ ഏതൊക്കെ എന്നു നോക്കാം. ബ്ലൂബെറി പഴത്തിലടങ്ങിയ ആന്റി ഓക്സിഡന്റുകൾ ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കുന്നു. തന്മാത്രകൾ ഫ്രീറാഡിക്കലുകൾ ഇവയിൽ നിന്നെല്ലാം സംരക്ഷണമേകുകയും ചെയ്യുന്നു.

മഗ്നീഷ്യം, പൊട്ടാസ്യം ഇവ ധാരാളം അടങ്ങിയ വാഴപ്പഴം ബോൺഡെൻസിറ്റി കൂട്ടുന്നു. മലബന്ധം അകറ്റുന്നു. സന്ധി വാതത്തിന്റെ ലക്ഷണങ്ങൾ അകറ്റാൻ മഗ്നീഷ്യത്തിനു കഴിവുണ്ട്. ഇത് പോലെ തന്നെ നല്ലതാണ് മത്സ്യം കഴിക്കുന്നത്. മത്സ്യത്തിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ്, സന്ധിവേദന കുറയ്ക്കുന്നു. അസ്ഥിക്ഷയം ബാധിച്ചവർ ആഴ്‌ചയില്‍ ഒരിക്കലെങ്കിലും മത്സ്യം കഴിക്കണം. മത്സ്യം കഴിക്കാത്തവർ ഒമേഗ 3 അടങ്ങിയ മത്സ്യ എണ്ണ, ഫ്ലാക്സ് സീഡ് ഓയിൽ തുടങ്ങിയ സപ്ലിമെന്റുകളും, ചീയ സീഡ്സ്, ഫ്ലാക് സീഡ് ഓയിൽ, വാൾനട്ട് എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, ഇൻഫ്ലമേഷൻ‍ കുറയ്ക്കാനും ഗ്രീൻ ടീക്കു കഴിയും. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ ഗ്രീൻ ടീ, കാർട്ടിലേജിന്റെ നാശം തടയുന്നു. ജലദോഷവും പനിയും അകറ്റാൻ മാത്രമല്ല കാർട്ടിലേജിന്റെ ആരോഗ്യത്തിനും വൈറ്റമിൻ സി സഹായിക്കും. ഓസ്റ്റിയോ ആർത്രൈറ്റിസ് തടയാൻ വൈറ്റമിൻ സി സപ്ലിമെന്റുകൾ സഹായിക്കും എന്ന് പഠനങ്ങൾ തെളിയിക്കുന്നു.