‘ചേട്ടൻ ഗാന്ധി ഭവനിലാണെന്ന് അറിയില്ലായിരുന്നു’: നടൻ ടി.പി മാധവനെ കണ്ട് കണ്ണ് നിറഞ്ഞ് നവ്യ നായർ

0
135

ഗാന്ധിഭവനിൽ കഴിയുന്ന നടൻ ടിപി മാധവനെ കണ്ട് കണ്ണു നിറഞ്ഞ് നവ്യ നായർ. പത്തനാപുരം ഗാന്ധി ഭാവനിലാണ് ടിപി മാധവനുള്ളത്. ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയതായിരുന്നു താരം. ഒത്തിരി സിനിമകളിൽ തന്നോടൊപ്പം അഭിനയിച്ച വ്യക്തിയാണെന്നും ചേട്ടൻ താമസിക്കുന്നത് ഇവിടെയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും നവ്യ പറഞ്ഞു.

‘ഇവിടെ വന്നപ്പോഴാണ് ടിപി മാധവൻ ചേട്ടനെ കാണുന്നത്. കല്യാണരാമനും ചതിക്കാത്ത ചന്തുവുമൊക്കെ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങളായിരുന്നു. അദ്ദേഹം ഇവിടെയായിരുന്നുവെന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. പെട്ടെന്ന് കണ്ടപ്പോൾ വലിയൊരു ഷോക്കായിരുന്നു. ഇവിടെ താമസിക്കുന്നവരെ ഒക്കെ നേരിൽ കാണണമെന്ന് ആഗ്രഹിച്ചതാണ്. പക്ഷെ ഞാനെത്തിയത് കുറച്ച് വൈകിപ്പോയി.

അദ്ദേഹത്തെ കണ്ടപ്പോൾ എന്റെ കണ്ണൊക്കെ നിറഞ്ഞു. നമ്മുടെയൊക്കെ കാര്യങ്ങൾ എങ്ങനെയാകുമെന്ന് പറയാൻ പറ്റില്ല എന്നു പറയുന്നത് എത്ര സത്യമാണെന്ന് തോന്നിപ്പോയി. എത്ര പെട്ടെന്നാണ് നമുക്ക് ഒന്ന് എഴുന്നേറ്റ് നടക്കാൻ പോലും പറ്റാതെയാകുന്നത്. നാളെ നമ്മുടെ കാര്യവും എങ്ങനെയൊക്കെയാകുമെന്ന് പറയാൻ സാധിക്കില്ലെന്ന് മനസിലായി’ നവ്യ നായർ പറഞ്ഞു.