തിരുവനന്തപുരം: കേരളത്തിൽ ആംആദ്മി പാര്‍ട്ടി- ട്വന്റി ട്വന്റി പാര്‍ട്ടികളുടെ നാലാം മുന്നണി പ്രഖ്യാപനത്തെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നാലാം മുന്നണി ചായക്കോപ്പായിലെ കൊടുങ്കാറ്റാണെന്നാണ് കാനത്തിന്റെ പരിഹാസം. അരവിന്ദ് കെജ്‌രിവാൾ കേരള രാഷ്ട്രീയത്തെ ചെറുതായി കാണരുതെന്നും കാനം അഭിപ്രായപ്പെട്ടു. കേരളത്തിലെ നാലാം ബദൽ മുന്നണി പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിപിഐ നേതാവ് വെട്ടിത്തുറന്ന് പ്രതികരിക്കുമ്പോഴും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനിടെയുണ്ടായ ജനക്ഷേമ മുന്നണി പ്രഖ്യാപനത്തോട് കരുതലോടെയാണ് മുന്നണികൾ പ്രതികരിക്കുന്നത്. തൃക്കാക്കരയിൽ ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന നിലപാടാണ് ഇടതുമുന്നണി സ്വീകരിക്കുന്നത്. വികസനത്തെ പിന്തുണയ്ക്കുന്നവർക്ക് ഇടത് പക്ഷത്തിന് ഒപ്പം നില്ക്കാമെന്നും ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്നും പ്രതികരിക്കുന്നു.
എന്നാൽ അതേ സമയം, നാലാം മുന്നണിയോട് പരസ്യമായി വോട്ടഭ്യര്‍ത്ഥിക്കുകയാണ് യുഡിഎഫ്. ആം ആദ്മി പാര്‍ട്ടിക്കും ട്വന്റി ട്വന്റിക്കും ഒരിക്കലും ഇടത് മുന്നണിയോട് യോജിക്കാൻ കഴിയില്ലെന്നും അതിനാൽ തൃക്കാക്കരയിൽ പുതിയ മുന്നണിയുടെ പിന്തുണ കോൺഗ്രസ് തേടുകയാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വിശദീകരിച്ചു. ഡൽഹി പോലെയുള്ള സാഹചര്യമല്ല കേരളത്തിലുള്ളതെന്നും അതിനാൽ നാലാം ബദലിനുള്ള സാധ്യത കേരളത്തിൽ കുറവാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. ആം ആദ്മിക്ക് കേരളത്തിൽ വലിയ കടന്നുകയറ്റം സാധ്യമല്ല. അതിനാൽ പുതിയ മുന്നണി കേരളത്തിൽ വെല്ലുവിളിയാകില്ലെന്നും സുധാകരൻ അഭിപ്രായപ്പെടുന്നു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനിടെയുണ്ടായ ജനക്ഷേമ മുന്നണി പ്രഖ്യാപനത്തെ തളളാനും കൊളളാനും കഴിയാത്ത സ്ഥിതിയിലാണിപ്പോള്‍ എല്‍ഡിഎഫും യുഡിഎഫുമെന്ന് വ്യക്തമാണ്. പുതിയ മുന്നണിയെ തളളിപ്പറഞ്ഞാല്‍ തൃക്കാക്കരയിലെ ആപ്- ട്വന്‍റി ട്വന്‍റി വോട്ടുകള്‍ അപ്പാടെ പോകും. ജനക്ഷേമ സഖ്യത്തെ പിന്തുണച്ചാല്‍ രാഷ്ട്രീയ അസ്തിത്വം ചോദ്യം ചെയ്യപ്പെടുമെന്ന സ്ഥിതിയിലാണ് മുന്നണികൾ.