രണ്ടാമതും കൊറോണ ബാധിച്ചു; കാൻ ചലച്ചിത്രമേളയിൽ പങ്കെടുക്കില്ലെന്ന് അക്ഷയ് കുമാർ

0
64

തനിക്ക് രണ്ടാമതും കൊറോണ ബാധിച്ചുവെന്ന വിവരം പങ്കുവച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. രോഗബാധിതനായതിനാൽ കാൻ ഫിലിം ഫെസ്റ്റിവൽ ഒഴിവാക്കുമെന്ന് അക്ഷയ് കുമാർ പറഞ്ഞു. ട്വിറ്ററിലൂടെയാണ് താരം ഈ വിവരം പങ്കുവച്ചത്. കൊറോണ പോസിറ്റീവ് ആണെന്നും തന്നോട് സമ്പർക്കം പുലർത്തിയവരെല്ലാം പരിശോധന നടത്തണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കാൻ ചലച്ചിത്രമേളയിൽ തങ്ങളുടെ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു. കൊറോണയായതിനാൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും അക്ഷയ് പറയുന്നു. ടീമിലെ മറ്റ് അംഗങ്ങൾക്ക് ആശംസകൾ നേരുന്നുവെന്നും അക്ഷയ് കുറിച്ചു.

ഈ മാസം 17ന് ആരംഭിക്കുന്ന കാൻ ചലച്ചിത്രമേളയിൽ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധി സംഘത്തിൽ അക്ഷയ് കുമാറും ഉൾപ്പെട്ടിരുന്നു. വാർത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂറാണ് സംഘത്തെ നയിക്കുന്നത്. സംഗീത സംവിധായകരായ എ.ആർ. റഹ്മാൻ, റിക്കി കെജ്, ഗായകൻ മമെ ഖാൻ, സംവിധായകൻ ശേഖർ കപൂർ, നടന്മാരായ നവാസുദ്ദീൻ സിദ്ദിഖി, മാധവൻ, നടിമാരായ നയൻതാര, പൂജ ഹെഗ്‌ഡെ, തമന്ന ഭാട്ടിയ, വാണി ത്രിപാഠി, സെൻസർബോർഡ് ചെയർമാൻ പ്രസൂൺ ജോഷി എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ.

മിസ് വേൾഡ് 2017 മാനുഷി ചില്ലറിനൊപ്പം അഭിനയിച്ച ‘പൃഥ്വിരാജ്’ എന്ന ചിത്രമാണ് അക്ഷയ് കുമാറിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. ചന്ദ്രപ്രകാശ് ദ്വിവേദിയാണ് ചിത്രത്തിന്റെ സംവിധായകൻ. ചൗഹാൻ രാജവംശത്തിലെ രാജാവായ പൃഥ്വിരാജ് ചൗഹാനായാണ് ചിത്രത്തിൽ അക്ഷയ് എത്തുന്നത്. സോനു സൂദ്, സഞ്ജയ് ദത്ത് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജൂൺ 3നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.