വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മെഹ്നാസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യ ഹര്‍ജി നല്‍കി

0
85

കൊച്ചി: വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മെഹ്നാസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യ ഹര്‍ജി നല്‍കി. സര്‍ക്കാരിന്റെ വിശദീകരണം തേടിയ കോടതി ഹര്‍ജി മേയ് 20-ന് പരിഗണിക്കാന്‍ മാറ്റി. ദുബായിലെ ഫ്‌ലാറ്റില്‍ മാര്‍ച്ച് ഒന്നിനാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് റിഫയുടെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരേ കാക്കൂര്‍ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ശാരീരികവും മാനസികവുമായ പീഡനം റിഫയുടെ മരണത്തിന് കാരണമായെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പോലീസ് സംഘം മെഹ്നാസിന്റെ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കാസര്‍കോട്ടെ വീട്ടിലെത്തിയാണ് പോലീസ് ഇവരുടെ മൊഴിയെടുത്തത്. മെഹ്നാസിന്റെ സുഹൃത്തുക്കളുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. എന്നാല്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടും മെഹ്നാസ് പോലീസിന് മുന്നിലെത്തിയില്ല. തുടര്‍ന്ന് മെഹ്നാസിനെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഇതിനിടെയാണ് മെഹ്നാസ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കുടുംബത്തിന്റെ പരാതിയെത്തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തിരുന്നു. ഇതിന്റെ കൂടുതല്‍ വിശദമായ റിപ്പോര്‍ട്ട് പുറത്തു വരാനുണ്ട്. തുടരന്വേഷണത്തില്‍ ഇത് നിര്‍ണായകമാകുമെന്നാണ് കരുതുന്നത്. റിഫയുടെ മരണത്തില്‍ ദേശീയ വനിതാ കമ്മിഷന് ലഭിച്ച പരാതിയില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. കമ്മിഷന് കീഴിലുള്ള എന്‍.ആര്‍.ഐ. സെല്ലാണ് വിവരങ്ങള്‍ ശേഖരിച്ചുവരുന്നത്.