പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറിനകത്തുവെച്ച് കൂട്ടബലാത്സംഗം ചെയ്ത അഞ്ചുപേര്‍ പോലീസ് പിടിയില്‍

0
100

റാഞ്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറിനകത്തുവെച്ച് കൂട്ടബലാത്സംഗം ചെയ്ത അഞ്ചുപേര്‍ പോലീസ് പിടിയില്‍. ജാര്‍ഖണ്ഡിലെ റാഞ്ചി ദുര്‍വ സ്വദേശികളായ സച്ചിന്‍ പാണ്ഡെ, ആകാശ് കുമാര്‍, ഹര്‍ഷ് കുമാര്‍, മായങ്ക് കുമാര്‍, വിശാല്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. റാഞ്ചി നഗരത്തിലാണ് പോലീസ് സംഘം കാര്‍ പിന്തുടര്‍ന്ന് പ്രതികളെ പിടികൂടിയത്. കാറിലുണ്ടായിരുന്ന പെണ്‍കുട്ടിയെ സുരക്ഷിതമായി മോചിപ്പിക്കുകയും ചെയ്തു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
നഗരത്തില്‍ രാത്രി പട്രോളിങ്ങിനിറങ്ങിയ ഡി.എസ്.പി. അങ്കിത റായിയും സംഘവുമാണ് റോഡരികില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു കാര്‍ കണ്ടെത്തിയത്. ദലാദാലി ചൗക്കിന് സമീപമാണ് കാര്‍ നിര്‍ത്തിയിട്ടിരുന്നത്. തുടര്‍ന്ന് ഡി.എസ്.പി. കാറിനടുത്തേക്ക് നീങ്ങിയതോടെ കാറില്‍നിന്ന് പെണ്‍കുട്ടിയുടെ കരച്ചിലും കേട്ടു. എന്നാല്‍ തൊട്ടുപിന്നാലെ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് അതിവേഗത്തില്‍ മുന്നോട്ടുപോവുകയായിരുന്നു. ഇതോടെ ഡി.എസ്.പി.യും സംഘവും കാറിനെ പിന്തുടര്‍ന്നു. അല്പദൂരം പിന്നിട്ടതോടെ പോലീസ് വാഹനം കുറുകെയിട്ട് കാര്‍ തടഞ്ഞു. ഇതോടെയാണ് കാറിനുള്ളില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. കാറിനുള്ളില്‍വെച്ച് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്നും പോലീസ് സംഘത്തിന് വ്യക്തമായി.
രാത്രി 10.30-ഓടെ ഒരു പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി. ഇതിനിടെയാണ് അഞ്ചംഗസംഘം പെണ്‍കുട്ടിയെ സമീപിച്ച് ലിഫ്റ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്. തുടര്‍ന്ന് പെണ്‍കുട്ടിയെ കാറില്‍ കയറ്റി നഗരത്തിലൂടെ പലതവണ കറങ്ങുകയായിരുന്നു. ദലാദലി ചൗക്കില്‍ എത്തുന്നതിന് മുമ്പ് നഗരത്തിലെ പലയിടങ്ങളിലൂടെയും പ്രതികള്‍ സഞ്ചരിച്ചിരുന്നതായും കാറില്‍വെച്ച് ബലാത്സംഗം ചെയ്തതായും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
പിടിയിലായ പ്രതികളെല്ലാം നഗരത്തിലെ ഉന്നത കുടുംബങ്ങളില്‍പ്പെട്ടവരാണെന്നാണ് പോലീസ് നല്‍കുന്നവിവരം. കാറിന്റെ ചില്ലുകളില്‍ കറുത്ത കൂളിങ് സ്റ്റിക്കറുകള്‍ ഒട്ടിച്ചിരുന്നു. അതിനാല്‍ കാറിനകത്ത് സംഭവിക്കുന്നതൊന്നും പുറത്തുകണ്ടിരുന്നില്ല.