വായ്പയെടുക്കുന്നത് കേന്ദ്രം തടഞ്ഞതിന് എതിരെ സംയുക്തനീക്കം ആലോചിച്ച് കേരളം

0
70

തിരുവനന്തപുരം: വായ്പയെടുക്കുന്നത് കേന്ദ്രം തടഞ്ഞതിന് എതിരെ സംയുക്തനീക്കം ആലോചിച്ച് കേരളം. വായ്പ തടഞ്ഞ 23 സംസ്ഥാനങ്ങളിൽ സഹകരിക്കാൻ തയ്യാറുള്ള സർക്കാരുകളെ ഒപ്പം ചേർത്ത് വായ്പ അവകാശങ്ങൾ വീണ്ടെടുക്കുന്നതിനുള്ള നീക്കം കേരളം നടത്തിയേക്കും. വായ്പെടുപ്പിൽ കേന്ദ്രം ഉന്നയിച്ച ചോദ്യങ്ങൾക്ക് കേരളം ഇതിനകം മറുപടി നൽകിയിട്ടുണ്ട്. കേരളം അടക്കം 23 സംസ്ഥാനങ്ങളുടെ വായ്പ അവകാശത്തിന്മേലാണ് കേന്ദ്രസർക്കാർ ഇടപെട്ടിരിക്കുന്നത്.

ഓരോ മാസത്തേക്കും എത്ര രൂപ വായ്പെടുക്കാമെന്നുള്ള വിഹിതം കണക്കാക്കി ധനകാര്യമന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് നൽകാറുണ്ട്. ആ കണക്കാണ് ഇത്തവണ കേരളത്തിന് കിട്ടാൻ വൈകുന്നത്. ഇതിനോടൊപ്പം തന്നെ കിഫ്ബി വായ്പ അടക്കം പൊതുകടമായി കാണണമെന്ന കേന്ദ്രനിർദ്ദേശത്തോടും സംസ്ഥാനത്തിന് കടുത്ത വിയോജിപ്പ് ഉണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളോ, കിഫ്ബിയോ എടുക്കുന്ന വായ്പകളെ സംസ്ഥാന സർക്കാരുകളുടെ വായ്പ്പാ പരിധിയിൽ കണക്കാക്കാൻ കഴിയില്ലെന്നതാണ് കേരളത്തിന്റെ നിലപാട്.

നിലവിൽ ആകെ വാർഷിക വരുമാനത്തിൽ മൂന്നര ശതമാനം കടമെടുക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് ഭരണഘടനാപരമായുണ്ട്. ഈ നിയമം ഉയർത്തിക്കാട്ടി മുന്നോട്ട് പോകാനാണ് കേരളം ഒരുങ്ങുന്നത്. കഴിഞ്ഞവർഷവും സമാന പ്രശ്നങ്ങൾ ഉയർന്നിരുന്നെങ്കിലും വളരെ വേഗം പരിഹരിക്കപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ കിഫ്ബിയെ അടക്കം ചൂണ്ടിക്കാട്ടി കേന്ദ്രം കൂടുതൽ തടസ്സങ്ങൾ ഉന്നയിക്കുമ്പോൾ ഇതിനെ രാഷ്ട്രീയമായും സംസ്ഥാനസർക്കാർ കാണുന്നുണ്ട്.

നേരത്തെ കിഫ്ബി വായ്പകൾക്കെതിരെ സിഎജി നിലപാട് എടുത്തപ്പോഴും കേരളം ചെറുത്തുനിന്നിരുന്നു. വായ്പാവകാശങ്ങൾ നിഷേധിക്കപ്പെട്ട സംസ്ഥാനങ്ങളിൽ ബിജെപി ഭരിക്കുന്നവയുമുണ്ട്. ഈ സംസ്ഥാനങ്ങൾ സഹകരിച്ചില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളെ ഒപ്പം കൂട്ടാനാവും കേരളത്തിന്റെ നീക്കം. പ്രശ്നം രണ്ടാഴ്ചയ്ക്കുള്ളിൽ പരിഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ധനവകുപ്പ്. ശമ്പള-പെൻഷൻ വിതരണം മുടങ്ങില്ലെന്ന് മന്ത്രി ഉറപ്പിച്ച് പറയുന്നതും ഈ വിശ്വാസത്തിലാണ്.