റേഷന്‍കടകളുടെ സ്ഥാനത്ത് കേരളത്തിന്റെ സ്വന്തം ഷോപ്പിംഗ് സെന്ററുകള്‍ വരുന്നു

0
85

തിരുവനന്തപുരം: റേഷന്‍കടകളുടെ സ്ഥാനത്ത് കേരളത്തിന്റെ സ്വന്തം ഷോപ്പിംഗ് സെന്ററുകള്‍ വരുന്നു. റേഷനരി വാങ്ങുന്നതിനൊപ്പം പാലും പലവ്യഞ്ജനവും വാങ്ങാം.

ഇലക്‌ട്രിസിറ്റി ബില്ലും വാട്ടര്‍ ബില്ലും അടയ്ക്കാം. മിനി എ.ടി.എമ്മില്‍ നിന്ന് പണവും എടുക്കാം. സപ്ലൈകോ ഔട്ട്‌ലെറ്റ്, റേഷന്‍ കട, മില്‍മ ബൂത്ത്, ഇ-സേവനങ്ങള്‍, മിനി എ.ടി.എം തുടങ്ങിയവയെല്ലാം ചേര്‍ന്നൊരു സ്മാര്‍ട്ട് ഷോപ്പിംഗ് സെന്റര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍. നേരത്തെ ആലോചിച്ചിരുന്ന സ്മാര്‍ട്ട് റേഷന്‍ കടയാണ് കൂടുതല്‍ വിപുലമായ രീതിയില്‍ നിലവില്‍വരുന്നത്. പേര്: കേരള സ്റ്റോര്‍ (കെ-സ്റ്റോര്‍). പ്രാരംഭപ്രവര്‍ത്തനങ്ങള്‍ സിവില്‍ സപ്ലൈസ് വകുപ്പ് അടുത്ത മാസം ആരംഭിക്കും.

ഇപ്പോള്‍ 50 മുതല്‍ 200 ചതുരശ്ര അടി വരെ വിസ്തീര്‍ണ്ണമുള്ള റേഷന്‍ കടകളാണുള്ളത്. അത് 350 മുതല്‍ 500 ചതുരശ്രഅടി വരെ വലിപ്പത്തിലാക്കി കേരള സ്റ്റോറുകളാക്കും. രണ്ടാം ഘട്ടത്തില്‍ കേരള സ്റ്റോറുകളെ 1000 ചതുരശ്ര അടിക്ക് മുകളിലുള്ള ഷോപ്പിംഗ് സെന്ററുകളാക്കി ഉയര്‍ത്തും. ആദ്യഘട്ടത്തില്‍ ആയിരം സ്റ്റോറുകളാണ് തുറക്കുന്നത്. മുന്‍ഗണന ഗ്രാമ പ്രദേശങ്ങളിലുള്ള റേഷന്‍കട ലൈസന്‍സികള്‍ക്കായിരിക്കും. കട വിപുലപ്പെടുത്തുന്നതിന് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ സര്‍ക്കാര്‍ ലഭ്യമാക്കും. വ്യാപാരികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയും ലഭിക്കും.

കെ-സ്റ്റോറില്‍ 6 സേവനങ്ങള്‍

1 റേഷന്‍കട: അരി, ആട്ട ഉള്‍പ്പെടെയുള്ള സാധനങ്ങള്‍

2 സപ്ലൈകോ സെന്റര്‍: സബ്സിഡി നിരക്കില്‍ പലവ്യഞ്ജനങ്ങളും ശബരി ഉത്പന്നങ്ങളും

3 പാചക വാതകം: 5 കിലോ ചോട്ടുഗ്യാസ്

4 മില്‍മ ബൂത്ത്: പാല്‍, പാലുത്പന്നങ്ങള്‍

5 യൂട്ടിലിറ്റി സെന്റര്‍: ടെലിഫോണ്‍, വാട്ടര്‍ ബില്ലുകള്‍ അടയ്ക്കാം. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷകള്‍

6 മിനി എ.ടി.എം: അക്കൗണ്ടില്‍ നിന്ന് 5000 രൂപവരെ പിന്‍വലിക്കാം

”കാലം ആവശ്യപ്പെടുന്ന മാറ്റങ്ങളോടെയാണ് കെ-സ്റ്റോറുകള്‍ ആരംഭിക്കുന്നത്. ഗ്രാമീണര്‍ക്കായിരിക്കും കൂടുതല്‍ പ്രയോജനം ലഭിക്കുക”-

ജി.ആര്‍. അനില്‍, ഭക്ഷ്യമന്ത്രി