യുവാവിന്റെ വായിൽ നിന്നും പിഴുതെടുത്തത് 232 പല്ലുകൾ: തളർന്ന് ഡോക്ടർമാർ, സംഭവം മുംബൈയിൽ

0
88

പല്ല് നന്നായാൽ പാതി നന്നായി എന്നാണ് ചൊല്ല്. ഭക്ഷണം കടിച്ചു മുറിക്കാൻ സഹായിക്കുന്ന മുൻനിരപ്പല്ലുകളും ഭക്ഷണം നന്നായി ചവച്ചരയ്‌ക്കാൻ സഹായിക്കുന്ന പിൻനിരപ്പല്ലുകളും നമുക്കുണ്ട്. ഒരു വ്യക്തിയുടെ ആത്മവിശ്വാസം വളർത്തുന്നതിലും സൗന്ദര്യം നിലനിർത്തുന്നതിലും പല്ലുകൾക്കു പങ്കുണ്ട്. പ്രായപൂർത്തിയായ ഒരാളുടെ വായിൽ ഏകദേശം 32 പല്ലുകൾ വരെ ഉണ്ടാകും. എന്നാൽ 232 പല്ലുകളുള്ള ഒരു യുവാവിനെ കുറിച്ച് കേട്ടിട്ടുണ്ടോ? വേറെങ്ങുമല്ല മുംബൈയിലുള്ള ആഷിഖ് ഗവായി എന്ന യുവാവിന്റെ വായിൽ നിന്നുമാണ് 232 പല്ലുകളോളം കണ്ടെടുത്തത്. ഇത് പിന്നെ ശസ്ത്രക്രിയ ചെയ്ത് നീക്കുകയായിരുന്നു. മുംബൈയിലെ ബുൽധാന സ്വദേശിയാണ് 17കാരനായ ആഷിഖ്. താടിയെല്ലിൽ നീർവീക്കവും അസഹ്യമായ വേദനയും വന്നതോടെയാണ് ആഷിഖ് ആശുപത്രിയിൽ പ്രവേശിക്കന്നത്.

മുംബൈയിലെ ജെജെ ഹോസ്പിറ്ററിലെ ഡെന്റൽ വിഭാഗം മേധാവി ഡോ. സുനന്ദ ധിവാരെയെയാണ് ആഷിഖ് സമീപിക്കുന്നത്. 18 മാസമായി ഇത്തരത്തിൽ വേദനയുണ്ടെന്നും പല ആശുപത്രികളിൽ ചികിത്സിച്ചിട്ടും ഫലം കണ്ടില്ലെന്നും യുവാവ് പറയുന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവമെന്നാണ് ഡോക്ടർമാർ ആഷിഖിന്റെ അവസ്ഥയെ വിശേഷിപ്പിച്ചത്. ഒഡോൺടോമ എന്നറിയപ്പെടുന്ന അസുഖാമാണ് ആഷിഖിനെന്നാണ് ഡോക്ടർമാർ പറഞ്ഞത്. മോണയിൽ ധാരാളം പല്ലുകളുണ്ടാകുന്ന രോഗാവസ്ഥയാണിത്. ഇതൊരുതരം ട്യൂമറാണെന്നും അധികൃതർ പറയുന്നു. ഏഴ് മണിക്കൂർ നീണ്ട സങ്കീർണ്ണണായ ശസ്ത്രക്രിയയിലൂടെയാണ് ആഷിഖിന്റെ വായിൽ നിന്നും പല്ലുകൾ നീക്കം ചെയ്തത്. 232 പല്ലുകളെന്നത് ശസ്ത്രക്രിയയിലൂടെ 28 ആക്കി മാറ്റി.

താടിയെല്ലിന്റെ ഭാഗത്ത് നിന്ന് ശസ്ത്രക്രിയയിലൂടെ പല്ലുകൾ പുറത്തെടുത്തത്. ആദ്യം അത്ഭുതം തോന്നിയെന്നും ഓരോ പല്ലുകൾ എടുത്ത് മാറ്റി കഴിഞ്ഞ് അവസാനം തളർന്നു തുടങ്ങിയെന്നും ഡോക്ടർമാർ പറയുന്നു. രണ്ട് സർജ്ജൻമാരും രണ്ട് സഹായികളും ചേർന്നാണ് പല്ലുകൾ നീക്കം ചെയ്തത്. ആശുപത്രിയിലെ ഇഎൻടി വിഭാഗം മേധാവി ഡോ. വന്ദനയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. താടിയെല്ലിനെ ബാധിക്കുന്ന രോഗാവസ്ഥയാണ് ഒഡോൺടോമ. നേരത്തെ ഇത്തരത്തിൽ ഒരു രോഗാവസ്ഥയുമായി വന്ന ആളുടെ വായിൽ നിന്നും 37 പല്ലുകൾ നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ ആഷിഖിന്റെ കാര്യത്തിൽ ഇത് വിചിത്രമായിരുന്നു. ആഷിഖിന് ആറ് വയസ്സുള്ളപ്പോൾ പല്ലുകൾ ഇവിടെ രൂപപ്പെടാൻ തുടങ്ങാനാണ് സാദ്ധ്യതയെന്ന് ഡോക്ടർമാർ പറയുന്നു. ആഷിഖിന്റെ വായിൽ ദന്തങ്ങൾ വീണ്ടും വളരാൻ സാധ്യതയുണ്ടെന്നും എന്നാൽ അത്ര വലിയ അളവിൽ ഉണ്ടാകാനിടയില്ലെന്നും ഡോക്ടർമാർ അറിയിച്ചു.