സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

0
100

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ആറ് ജില്ലകളിലും നാളെ നാല് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പ്. അതേസമയം ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന അസാനി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു.

ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന അസാനി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത തുടരുകയാണ്. ആന്ധ്രാ തീരം വഴി രാത്രിയോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് അസാനി നീങ്ങുമെന്നാണ് നിലവിലെ പ്രവചനം. സഞ്ചാര പാതയില്‍ കേരളമില്ലെങ്കിലും അസാനിയുടെ സ്വാധീനത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.

പത്തനംതിട്ട , കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. നാളെ നാല് ജില്ലകളിലും വെള്ളിയാഴ്ച മൂന്ന് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ തെക്കന്‍ കേരളത്തില്‍ മഴ കനക്കും. കേരള ലക്ഷദ്വീപ് തീരങ്ങളിലും, ബംഗാള്‍ ഉള്‍ക്കടലിലും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അതേസമയം കോഴിക്കോട് ജില്ലയുടെ മലയോര മേഖലയില്‍ മഴ ശക്തമാണ്. തിരുവമ്പാടി ടൗണില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കോട്ടയത്ത് മീനച്ചിലാര്‍ കരകവിഞ്ഞ് ഒഴുകി. പാലാ ഈരാറ്റുപേട്ട റോഡില്‍ മൂന്നാനിയില്‍ വെള്ളം കയറി.