കേരളത്തിൽ നിന്ന് മദ്യവുമായി പോയ വാഹനം മറിഞ്ഞു, കുപ്പി പെറുക്കാൻ തിരക്കുകൂട്ടി ജനങ്ങൾ; ഗതാഗതക്കുരുക്ക്, സംഘർഷം

0
86

ചെന്നൈ: മദ്യവുമായി പോകുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. മധുരയിലെ വിരാഗനൂരിലാണ് 10 ലക്ഷം രൂപ വിലമതിക്കുന്ന മദ്യക്കുപ്പികളുമായി പോകുകയായിരുന്ന വാഹനം മറിഞ്ഞത്. ഡൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് ഇടയാക്കിയത്. കേരളത്തിലെ മണലൂരിൽനിന്ന് മദ്യവുമായി പോകുകയായിരുന്നു വാഹനം.

മദ്യക്കുപ്പികൾ നിറച്ച് പെട്ടികൾ റോഡിൽ നിരന്നതോടെ ഇത് എടുക്കാനെത്തിയ ആളുകളുടെ തിരക്ക് പ്രദേശത്ത് ചെറിയ സംഘർഷത്തിന് ഇടയാക്കി. ഇതോടെ ദേശീയ പാതയിൽ ഗതാഗത തടസ്സം നേരിട്ടു. മറിഞ്ഞുവീണ വാഹനത്തിൽ നിന്ന് മദ്യക്കുപ്പികൾ എടുക്കാൻ തിരക്കുകൂട്ടുന്ന യാത്രക്കാരുടെ ചിത്രങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്.

സമാനമായ മറ്റൊരു സംഭവത്തിൽ, ഏപ്രിൽ 20 ന് മധ്യപ്രദേശിലെ ബർവാനിയിലെ പാലത്തിൽ ബിയർ കാർട്ടണുകൾ നിറച്ച വാഹനം കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആളുകൾ കുപ്പികൾ എടുക്കാൻ എത്തിയത് സംഘർഷത്തിലെത്തിയിരുന്നു. അപകടത്തിന് പിന്നാലെ കാഴ്ചക്കാർ ഓടിയെത്തി പാലത്തിൽ ചിതറിക്കിടന്ന ബിയർ കുപ്പികൾ എടുക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി അവശേഷിച്ച ബിയർ കാർട്ടണുകൾ പിടിച്ചെടുത്തു.