ആ 282 അസ്ഥികൂടങ്ങൾ 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ മരിച്ച ഇന്ത്യൻ സൈനികരുടേത്; സ്ഥിരീകരിച്ച് നരവംശശാസ്ത്രജ്ഞർ

0
68

ഛണ്ഡിഗഡ്: പഞ്ചാബിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടങ്ങൾ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെതാണെന്ന് കണ്ടെത്തി. 1857-ൽ നടന്ന ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടി ജീവൻ ബലിയർപ്പിച്ച 282 ഇന്ത്യൻ സൈനികരുടെ അസ്ഥികൂടങ്ങളാണ് അമൃത്സറിന് സമീപം നടത്തിയ ഖനനത്തിൽ കണ്ടെത്തിയത്. വർഷങ്ങൾക്ക് മുമ്പ് കണ്ടെത്തിയ ഈ അസ്ഥികൂടങ്ങൾ ആരുടേതാണെന്ന് സംബന്ധിച്ച് നിരവധി വാദമുയർന്നിരുന്നു. ഒടുവിലാണ് അവ ഇന്ത്യൻ സൈനികരുടേതാണെന്ന് സ്ഥിരീകരിച്ചത്.

പഞ്ചാബ് യൂണിവേഴ്‌സിറ്റിയലെ ആന്ത്രോപോളജി ഡിപ്പാർട്ട്‌മെന്റ് അസി. പ്രൊ. ഡോക്ടർ ജെ.എസ് സെഹ്‌റാവത്ത് ആണ് ഇക്കാര്യം അറിയിച്ചത്. പഞ്ചാബിലെ അജ്‌നാലയിൽ നിന്ന് 2014ലാണ് ഇവ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. പന്നിയുടെയും പശുവിന്റെയും മൃഗക്കൊഴുപ്പാണ് കാട്രിഡ്ജുകളിൽ നിറച്ചിരുന്നതെന്ന് കരുതി ഇത് ഉപയോഗിക്കേണ്ടി വന്നതിനെതിരെ ശിപായിമാർ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇന്ത്യൻ സൈനികർ കലാപം നടത്തിയിരുന്നു. ഇതിൽ കൊല്ലപ്പെട്ട ശിപായിമാരുടെ അസ്ഥികൂടങ്ങളാണ് 160 വർഷത്തിനിപ്പുറം കണ്ടെത്തിയത്.

പഞ്ചാബിന് സമീപം അജ്‌നാലയിലെ ഒരു കിണറ്റിൽ നിന്നാണ് 2014-ൽ അസ്ഥികൂടങ്ങൾ കണ്ടെത്താനായത്. തുടർന്ന് നാളുകളായി പരിശോധനകൾ നടത്തിവരികയായിരുന്നു. ഡിഎൻഎ-ഐസൊടോപ്പ് വിശകലനങ്ങളുടെ അടിസ്ഥാനത്തിലാണ് അസ്ഥികൂടങ്ങൾ ഇന്ത്യൻ സൈനികരുടേതാണെന്ന് സ്ഥിരീകരിക്കാനായത്.