വാളയാർ കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വിവാദ പരാമർശം: ക്രിമിനൽ കേസെടുക്കാൻ പോക്‌സോ കോടതി

0
60

പാലക്കാട്: വാളയാർ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ എംജെ സോജനെതിരെ ക്രിമിനൽ കേസെടുക്കാമെന്ന് കോടതി. പാലക്കാട് പോക്‌സോ കോടതിയുടേതാണ് ഉത്തരവ്. പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടതല്ല, ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് ഉദ്യോഗസ്ഥന്റെ പരാമർശത്തിലാണ് കേസ്. സോജന്റെ പരാമർശനത്തിനെതിരെ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു.

കേസിൽ പ്രതികളെ എല്ലാവരേയും പാലക്കാട് പോക്‌സോ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ആ സമയത്താണ് അന്വേഷണ ഉദ്യോഗസ്ഥനായ സോജന്റെ പ്രതികരണം വന്നത്. ഒന്നര വർഷം ജയിലിൽ കിടന്നത് തന്നെയാണ് പ്രതികൾക്കുളള ഏറ്റവും വലിയ ശിക്ഷ. കാരണം ഈ കേസിൽ ഒരു തെളിവും ഇല്ല. പ്രതികൾ കുറ്റം സമ്മതിച്ചത് തെളിവല്ലെന്നും കുട്ടികളുടെ സമ്മതമുണ്ടായിരുന്നുവെന്നതിൽ സംശയമില്ലെന്നും സോജൻ പറഞ്ഞിരുന്നു.

കേസിൽപോലീസ് തുടക്കം മുതൽ പ്രതികളെ സംരക്ഷിക്കുന്ന അവസ്ഥയാണുണ്ടായത്. കേസ് അന്വേഷിച്ച ഡിവൈഎസ്പി സോജൻ, എസ്ഐ ചാക്കോ എന്നിവർക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യം ഉയർന്നിരുന്നു. 2017ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജനുവരി 13ന് മൂത്ത കുഞ്ഞിനെ ഒറ്റമുറി വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ദുരൂഹമരണത്തിന്റെ 52-ാം നാൾ ഇളയകുഞ്ഞിനേയും സമാനമായ രീതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വി മധു, ഷിബു, എം മധു, പ്രദീപ് എന്നിവരാണ് കേസിലെ പ്രതികൾ. പ്രദീപിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പോലീസ് അന്വേഷണത്തിൽ വീഴ്‌ച്ച വന്നെന്ന ആരോപണം സാധൂകരിക്കും വിധമായിരുന്നു പിന്നീടുള്ള സംഭവങ്ങൾ. പോലീസ് അന്വേഷണം ശരിവെയ്‌ക്കുന്നതായിരുന്നു സിബിഐയുടെ വിലയിരുത്തലും.