കൊച്ചി: ഭക്ഷണശാലകളുടെ വൃത്തിയും ഭക്ഷണത്തിന്റെ ഗുണനിലവാരവും ആശങ്കയുയര്‍ത്തുന്നതിനിടെ ‘ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ്’ എന്ന ആശയവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഓരോ ജില്ലയിലും ഒരു തെരുവ് ‘മാതൃകാ ഫുഡ് ഹബ്ബ്’ ആക്കുക എന്ന കേന്ദ്രപദ്ധതിയുടെ ചുവടുപിടിച്ച് ഇതിനുള്ള പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. നിലവിലുള്ള ഭക്ഷണത്തെരുവുകള്‍ നവീകരിക്കുകയും ആഭ്യന്തര -അന്തര്‍ദേശീയ വിനോദസഞ്ചാരികള്‍ക്ക് സുരക്ഷിതവും ശുചിത്വമുള്ളതുമായ പ്രാദേശിക ഭക്ഷണാനുഭവം നല്‍കുകയുമാണ് ലക്ഷ്യം.
തദ്ദേശ സ്ഥാപനങ്ങള്‍, ജില്ലാ ഭരണകൂടം എന്നിവയുടെ പിന്തുണയോടെ എഫ്.എസ്.എസ്.എ.ഐ. ശുചിത്വത്തിനും ശുചിത്വ സാഹചര്യങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. കച്ചവടക്കാര്‍ക്ക് അതനുസരിച്ച് പരിശീലനം നല്‍കും.
കേന്ദ്രസര്‍ക്കാര്‍ നേരത്തേ പദ്ധതി ആവിഷ്‌കരിച്ചെങ്കിലും കോവിഡ് മൂലം കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. വിദേശങ്ങളിലുള്ളതുപോലെ വൃത്തിയും വെടിപ്പുമുള്ള തെരുവുഭക്ഷണ കേന്ദ്രങ്ങള്‍ കൊണ്ടുവരുകയാണ് ലക്ഷ്യം. ഈ വര്‍ഷംതന്നെ സംസ്ഥാനമാകെ പദ്ധതിക്ക് തുടക്കംകുറിക്കും.
തനതായ നാടന്‍ ഭക്ഷണസംസ്‌കാരത്തിനാകും മുന്‍തൂക്കം. ജനപ്രിയമായ തെരുവുഭക്ഷണങ്ങള്‍ വില്‍ക്കുന്ന അന്‍പതോ അതിലധികമോ കടകളുടെ ഒരു കൂട്ടമാകും ‘ക്ലീന്‍ സ്ട്രീറ്റ് ഹബ്ബില്‍’. മൊത്തമുള്ളതിന്റെ 80 ശതമാനമോ അതിലധികമോ പ്രാദേശിക പാചകരീതികള്‍ തുടരുന്നവര്‍ക്കുള്ളതായിരിക്കും.
അടിസ്ഥാന ശുചിത്വ ആവശ്യകതകള്‍ നിറവേറ്റുന്നതായിരിക്കണം സ്റ്റാളുകള്‍. മായം, കൃത്രിമ നിറങ്ങള്‍ എന്നിവ ഇല്ലെന്നും പരിസരശുചിത്വം, സുരക്ഷിതമായ സാഹചര്യം എന്നിവ പാലിക്കുന്നുവെന്നും ഉറപ്പുവരുത്തും. പുറമേനിന്നുള്ള ഏജന്‍സിയെക്കൊണ്ട് ഗുണനിലവാരം പരിശോധിച്ച് ഓരോ തെരുവിനും ഗ്രേഡും നല്‍കും.