ആകാശം രക്തനിറത്തിൽ, ‘വിചിത്ര’ ആകാശത്തെ കണ്ട് ഭയന്ന് പ്രദേശവാസികൾ

0
122

ആകാശം രക്തനിറത്തിൽ ചുവന്നു തുടുത്തത് കണ്ട് പ്രദേശവാസികൾ അമ്പരപ്പിൽ. ചൈനയിലെ തുറമുഖനഗരമായ സൂഷാനിലാണ് വിചിത്രമായ ആകാശത്തെ കണ്ടത്. ജനങ്ങളിൽ പലരും കടുംചുവപ്പു നിറത്തിലുള്ള ആകാശത്തിന്റെ ചിത്രങ്ങളും വീഡിയോകളും എടുക്കുകയും അത് സോഷ്യമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ട ചിലർ ലോകാവസാനത്തിന്റെ ചിഹ്നമാണ് ഇതെന്നാണ് വാദിച്ചത്.

സോഷ്യൽ മീഡിയയിൽ ഈ പ്രതിഭാസത്തെപ്പറ്റി പുതിയ സിദ്ധാന്തകൾ ഉയരുമ്പോൾ, സൂഷാനിലെ അധികൃതർ പ്രതിഭാസത്തിന്റെ ശാസ്ത്രീയ വിശദീകരണവുമായി എത്തിയിരിക്കുകയാണ്. തുറമുഖത്തിനടുത്തുള്ള പ്രകാശത്തിന്റെ അപവർത്തനം, ചിതറൽ എന്നീ പ്രതിഭാസങ്ങളാണ് ചുവന്നു തുടുത്ത, വിചിത്ര ആകാശത്തിനു കാരണമായതെന്ന് അവർ പ്രസ്താവിച്ചു.

അധികൃതരുടെ വിശദീകരണം ഇങ്ങനെ, കാലാവസ്ഥ സുഗമമായിരിക്കുന്ന സമയത്ത് അന്തരീക്ഷത്തിലെ ജലാംശം എയ്‌റോസോളുകളായി മാറും. ഇവ മത്സ്യബന്ധന നൗകകളിൽ നിന്നും കപ്പലുകളിൽ നിന്നുമുള്ള പ്രകാശം വലിയ രീതിയിൽ അപവർത്തനവും ചിതറിക്കലും നടത്തുന്നതാണു ചുവന്ന ആകാശത്തിനു കാരണമാകുന്നത്.