ചോദ്യപ്പേപ്പര്‍ വിവാദം; കണ്ണൂർ സർവ്വകലാശാലാ പരീക്ഷാ കൺട്രോളർ സ്ഥാനമൊഴിയുന്നു

0
81

കണ്ണൂർ: കണ്ണൂർ സർവ്വകലാശാലാ പരീക്ഷാ കൺട്രോളർ പിജെ വിൻസൻ്റ് സ്ഥാനമൊഴിയുന്നു. ഡെപ്യൂട്ടേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിജെ വിൻസൻ്റ് വിസിക്ക് കത്ത് നൽകിയിരിക്കുകയാണ്. ചോദ്യപ്പേപ്പർ ആവർത്തന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പിന്മാറ്റം. പരീക്ഷ നടത്തിപ്പിലെ ഗുരുതര പിഴവിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് സ്ഥാനമൊഴിയുന്നതെന്നാണ് വിവരം. പഴയ ചോദ്യപ്പേപ്പര്‍ ഉപയോഗിച്ച് പരീക്ഷ നടത്തിയത് വിവാദമായിരുന്നു.

സൈക്കോളജി, ബോട്ടണി പരീക്ഷകളുടെ ചോദ്യപ്പേപ്പറാണ് 2020തിലെതിന് സമാനമായി ആവർത്തിക്കപ്പെട്ടത്. കഴിഞ്ഞ കൊല്ലത്തെ അതേ ചോദ്യപേപ്പർ ഉപയോഗിച്ച് വർഷം മാത്രം മാറ്റിയാണ് പരീക്ഷ നടത്തിയത്. വിവാദമായതോടെ സർവകലാശാല പരീക്ഷകൾ റദ്ദാക്കിയിരുന്നു. ചോദ്യപ്പേപ്പർ ആവർത്തിച്ച സംഭവം പഠിക്കാൻ അന്വേഷണ കമ്മിഷനെയും നിയോഗിച്ചു. സർവ്വകലാശാല പഠന ബോർഡ് ചെയർമാന്മാർ നൽകുന്ന പാനലിൽ നിന്നാണ് പരീക്ഷാ കൺട്രോളർ ചോദ്യപേപ്പർ തയ്യാറാക്കാൻ ഒരു അധ്യാപകനെ നിയമിക്കുന്നത്.

ചോദ്യകർത്താവ് തയ്യാറാക്കുന്ന മൂന്ന് സെറ്റ് ചോദ്യ പേപ്പർ, ബോർഡ് ഓഫ് സ്റ്റഡീസ് (പഠന ബോർഡ്) ചെയർമാനും അംഗങ്ങളും പരിശോധിച്ച് വീഴ്ചകൾ ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം അതിൽ ഒരു ചോദ്യപേപ്പർ ആണ് പരീക്ഷ കൺട്രോളർ പരീക്ഷ ആവശ്യത്തിന് ഉപയോഗിക്കുന്നത്. മുൻവർഷത്തെ ചോദ്യപേപ്പർ പകർത്തിയെഴുതിയ ചോദ്യകർത്താവും, അത് പരിശോധിച്ച പഠന ബോർഡിന്റെ ചെയർമാനും ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ചവരുത്തിയതായി കണ്ടെത്തിയിരുന്നു.