പൊന്നുസ്പാനറേ..!! സ്വർണം കടത്താൻ പുതിയ വഴി; പിടികൂടി കസ്റ്റംസ്

0
72

ചെന്നൈ: റിയാദിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും 47.56 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സ്പാനറിന്റെ രൂപത്തിലായിരുന്നു സ്വർണം. 1.02 കിലോ ഗ്രാം തൂക്കം വരുന്ന സ്വർണമാണ് സ്പാനറിന്റെ രൂപത്തിലാക്കി കടത്താൻ ശ്രമിച്ചത്. സിൽവർ കൊണ്ട് പൊതിഞ്ഞ രീതിയിലായിരുന്നു സ്പാനർ. എന്നാൽ ചെന്നൈ കസ്റ്റംസിലെ എയർ ഇന്റലിജൻസ് യൂണിറ്റാണ് സംശയം തോന്നി സൂക്ഷ്മ പരിശോധന നടത്തിയത്. തുടർന്ന് സ്പാനർ രൂപത്തിലുള്ളത് സ്വർണമാണെന്ന് കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം ലക്‌നൗ, മുംബൈ വിമാനത്താവളങ്ങൾ വഴി സ്വർണം കടത്താൻ ശ്രമിച്ചത് ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസ് പിടികൂടിയിരുന്നു. 5.88 കോടി രൂപയുടെ 11 കിലോ സ്വർണമാണ് കടത്താൻ ശ്രമിച്ചത്. ഡിസ്‌ക് രൂപത്തിലായിരുന്നു സ്വർണം.

ക്ലീനിങ് മെഷീനുകളുടെ മോട്ടർ ഘടിപ്പിച്ചതിന് ഉള്ളിലായാണ് സ്വർണമുണ്ടായിരുന്നത്. ദുബായിൽ നിന്ന് കടത്തിയ സ്വർണം മുംബൈയിലെ ഛത്രപതി എയർപോർട്ടിൽ വെച്ച് പിടികൂടുകയായിരുന്നു. മറ്റൊരു സംഭവം ലക്‌നൗവിലെ ചൗധരി ചരൺ സിംഗ് എയർ കാർഗോ കോംപ്ലക്‌സിലാണ് ഉണ്ടായത്. ഇലക്ട്രിക്കൽ ത്രഡ്ഡിങ് മെഷീനിനുള്ളിലായിരുന്നു സ്വർണം. മെയ് അഞ്ച്, ആറ് തിയതികളിലായിരുന്നു ഡിആർഐയുടെ നേതൃത്വത്തിൽ രണ്ട് സ്വർണവേട്ടയും നടന്നത്. നിലവിൽ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.