കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജനകീയ പ്രതിഷേധം ശക്തമാകുന്ന ശ്രീലങ്കയില്‍ മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും അദ്ദേഹത്തിന്റെ ചില കുടുംബാംഗങ്ങളും നാവികസേനാ താവളത്തില്‍ അഭയം പ്രാപിച്ചതായി റിപ്പോര്‍ട്ടുകള്‍. മഹിന്ദ രാജപക്സെയുടെ സാന്നിധ്യമുണ്ടെന്നറിഞ്ഞതിനെ തുടര്‍ന്ന് ട്രിങ്കോമാലി നേവല്‍ ബേസിലേക്ക് പ്രക്ഷോഭകാരികള്‍ ഇരമ്പിയെത്തിയതായാണ് റിപ്പോർട്ടുകൾ..
ഇന്നലെ ശ്രീലങ്കയിൽ പ്രധാനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കു നേരെ രാജപക്സെ അനുയായികള്‍ ആക്രമണം അഴിച്ചു വിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ദ്വീപ് രാഷ്ട്രത്തില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. തിങ്കളാഴ്ച രാജ്യത്ത് നടന്ന അക്രമങ്ങളില്‍ അഞ്ച് പേര്‍ മരിച്ചതായി പോലീസ് അറിയിച്ചു.
ഈ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ 76 കാരനായ മഹിന്ദ രാജപക്സെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതായി ഔദ്യോഗികമായി അറിയിച്ചു. പിന്നാലെ അക്രമം രൂക്ഷമാകുകയും , രാജപക്സെ കുടുംബത്തിന്റെ ഹംബന്‍ടോട്ടയിലെ കുടുംബവീട് പ്രതിഷേധക്കാര്‍ തീയിടുകയും ചെയ്തു.