അസാനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിൽ ശക്തിപ്രാപിക്കും; മൂന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം

0
86

അമരാവതി: അസാനി ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിനുള്ളിൽ തീരം തൊടുമെന്നും ശക്തമായ കാറ്റുണ്ടാകും . ആന്ധ്ര പ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഇന്ന് അർദ്ധരാത്രിയോടെ ചുഴലിക്കാറ്റ് പ്രവേശിക്കുമെന്നാണ് സൂചന.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടിരിക്കുന്ന കാറ്റ് ആന്ധ്രാ-ഒഡീഷ തീരങ്ങളെയാണ് കാര്യമായി ബാധിക്കുക. എന്നാൽ 24 മണിക്കൂർ കൊണ്ട് കാറ്റിന്റെ ശക്തികുറയുമെന്ന ആശ്വാസവും കാലാവസ്ഥാ വകുപ്പ് പങ്കുവയ്‌ക്കുന്നുണ്ട്. പരക്കെ മഴയാണ് ഇന്നു മുതൽ മൂന്ന് ദിവസം അനുഭവപ്പെടുക. അതേ സമയം തീരപ്രദേശങ്ങളിൽ മഴയുടെ ശക്തികൂടുമെന്നും സൂചനയുണ്ട്.

ശ്രീലങ്കയുടെ ഗാലെ ദ്വീപ് മേഖലയിൽ നിന്നും പുറപ്പെട്ടിരിക്കുന്ന കാറ്റിന്റെ നിലവിലെ വേഗത 95 മുതൽ 105 വരെയാണ്. ഇത് 115 കിലോമീറ്റർ വരെയാകുമെന്നാണ് മുന്നറിയിപ്പ്. രണ്ടാംദിവസം അത് 80 കിലോമീറ്റർ വേഗതയിലേക്ക് താഴുമെന്നുമാണ് കണക്കുകൂട്ടൽ. ആന്ധ്രാപ്രദേശിൽ നിന്ന് തെക്കുപടിഞ്ഞാറ് കടലിൽ 330 കിലോമീറ്റർ ദൂരത്തിലാണ് നിലവിൽ കാറ്റ് കേന്ദ്രീകരിച്ചിട്ടുള്ളത്.