കേന്ദ്രസർക്കാരിനു പിന്നാലെ ലോകാരോഗ്യ സംഘടനയുടെ കോവിഡ് മരണക്കണക്ക് തള്ളി സംസ്ഥാനങ്ങളും

0
77

ന്യൂഡൽഹി : കേന്ദ്രസർക്കാരിനു പിന്നാലെ ലോകാരോഗ്യ സംഘടനയുടെ കോവിഡ് മരണക്കണക്ക് തള്ളി സംസ്ഥാനങ്ങളും രംഗത്തെത്തി. 20 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളുമാണ് പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. എതിർപ്പുയർത്തിയതിൽ പ്രതിപക്ഷം ഭരിക്കുന്ന മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, പഞ്ചാബ്, ‍ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളും ഉൾപ്പെടുന്നു. മരണസംഖ്യ തിട്ടപ്പെടുത്താൻ ഉപയോഗിച്ച രീതി (മാത്തമാറ്റിക്കൽ മോഡലിങ്) ശരിയല്ലെന്ന കേന്ദ്രത്തിന്റെ വാദംതന്നെയാണ് ഈ സംസ്ഥാനങ്ങളും ഉയർത്തുന്നത്.
ഗുജറാത്തിൽ നടന്ന പതിനാലാം സെൻട്രൽ കൗൺസിൽ ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ സമ്മേളനത്തിൽ ലോകാരോഗ്യ സംഘടനയുടെ കണക്കുകളിൽ വിയോജിപ്പ് രേഖപ്പെടുത്തി കേന്ദ്രം പ്രമേയം പാസാക്കിയതായി ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഇന്ത്യ പുറത്തിറക്കിയ സിവിൽ രജിസ്ട്രേഷൻ റിപ്പോർട്ട് പ്രകാരം, ആകെ 81 ലക്ഷം പേരാണ് 2020 ൽ ഇന്ത്യയിൽ മരിച്ചത്. മുൻവർഷത്തെക്കാൾ അധികമായുണ്ടായ 4.74 ലക്ഷം മരണവും കോവിഡ് കാരണമാണെന്നുപറയാൻ കഴിയില്ല. ഔദ്യോഗിക കണക്കുപ്രകാരം, 2020 ൽ 1.49 ലക്ഷം പേർമാത്രമാണ് കോവിഡിൽ മരിച്ചത്അദ്ദേഹം പറഞ്ഞു.
ലോകത്ത് ഏറ്റവുമധികം ആളുകൾ കോവിഡ് ബാധിച്ചുമരിച്ചത് ഇന്ത്യയിലാണെന്നു വ്യക്തമാക്കുന്ന റിപ്പോർട്ടാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ടത്. 2020, 2021 വർഷങ്ങളിൽ 47 ലക്ഷത്തോളം പേർ രാജ്യത്ത് കോവിഡ് ബാധിതരായി മരിച്ചെന്നാണ് വിലയിരുത്തൽ. കേന്ദ്രസർക്കാരിന്റെ കണക്കുമായുള്ള (2021 വരെ 4.81 ലക്ഷം) താരതമ്യത്തിൽ പത്തിരട്ടിയോളമാണിത്.