വരൻ മുണ്ടുടുക്കാതെ ഷെർവാണി ധരിച്ചു വന്നു, പരസ്പരം കല്ലെറിഞ്ഞ് ബന്ധുക്കൾ; വിവാഹവേദിയിൽ കൂട്ടത്തല്ല്

0
68

ഭോപ്പാൽ: വിവാഹത്തിന് വരൻ മുണ്ട് ധരിക്കാതെ ഷെർവാണി ധരിച്ചത് കൂട്ടത്തല്ലിനിടയാക്കി. മദ്ധ്യപ്രദേശിലെ ഗോത്രസമുദായത്തിൽ നടന്ന വിവാഹത്തിലാണ് സംഘർഷം. വിവാഹചടങ്ങുകളിൽ വരൻ മുണ്ട് ധരിക്കണമെന്ന് വധുവിന്റെ വീട്ടുകാർ നിർബന്ധം പിടിച്ചതിനെ തുടർന്നാണ് പ്രശ്‌നം ആരംഭിച്ചത്. തർക്കം പിന്നീട് വധുവിന്റേയും വരന്റേയും ബന്ധുക്കൾ തമ്മിലുള്ള കൂട്ടത്തല്ലിലേക്ക് നയിക്കുകയായിരുന്നു.

മദ്ധ്യപ്രദേശിലെ ധാർ ജില്ലയിലുള്ള മംഗ്‌ബെദ ഗ്രാമത്തിലാണ് സംഭവം. ഗോത്ര പാരമ്പര്യമനുസരിച്ച് വരൻ മുണ്ടാണ് വിവാഹചടങ്ങിന് ധരിക്കേണ്ടത്. എന്നാൽ വരൻ ഷെർവാണി ധരിച്ചെത്തി. ഇത് ചോദിച്ച് വധുവിന്റെ ബന്ധുക്കൾ ബഹളം വെച്ചതോടെ വരന്റെ ബന്ധുക്കൾ ചേർന്ന് ആക്രണം തുടങ്ങുകയായിരുന്നു.

തുടർന്ന് ഇരുകൂട്ടരും കല്ലുകൾ പരസ്പരം പെറുക്കിയെറിയുകയും പരസ്പ്പരം പോരടിക്കുകയും ചെയ്തു. തുടർന്ന് ഇരു വീട്ടുകാരും പോലീസിൽ പരാതി നൽകി. അതേസമയം വധുവിന്റെ വീട്ടുകാരുമായി തനിക്ക് ഒരു പ്രശ്‌നവുമില്ലെന്നും ചില ബന്ധുക്കളാണ് പ്രശ്‌നമുണ്ടാക്കിയതെന്നും വരൻ വ്യക്തമാക്കി.