കൊവിഡ് ബാധിച്ച് മരിച്ച അച്ഛനെ ‘സാക്ഷിയാക്കി’ മകന്റെ വിവാഹം; കണ്ണുനിറഞ്ഞ് കുടുംബം

0
57

മൈസൂരു; മൈസൂരുവിലെ നഞ്ചന്‍കോടിലാണ് വ്യത്യസ്തമായ ഈ വിവാഹം. ആയുര്‍വേദ ഡോക്ടറായ യതീഷാണ് വിവാഹവേദിയില്‍ അച്ഛന്‍ രമേഷിന്‍റെ മെഴുകുപ്രതിമ ഒരുക്കിയത്. കൊവിഡ് ബാധിച്ച് കഴിഞ്ഞ വര്‍ഷമാണ് രമേഷ് മരിച്ചത്. അച്ഛന്‍റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു മകന്‍റെ വിവാഹം. അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിനിടെ അച്ഛന്‍റെ സാന്നിദ്ധ്യം വിവാഹവേദിയില്‍ വേണമെന്ന ചിന്തയ്ക്ക് ഒടുവിലാണ് മെഴുകുപ്രതിമ നിര്‍മ്മിച്ചത്. വിവാഹമണ്ഡപത്തില്‍ അച്ഛനും അമ്മയ്ക്കും ഇരിക്കാനുള്ള പ്രത്യേക ഇരിപ്പിടം ഒരുക്കി.

രമേഷിന്‍റെ മെഴുകു പ്രതിമ അവിടെ സ്ഥാപിച്ചു. സമീപത്ത് യതീഷിന്‍റെ അമ്മയുമുണ്ടായിരുന്നു. അച്ഛന്‍റെ സാന്നിദ്ധ്യത്തില്‍ തന്നെ വിവാഹിതനാകണമെന്നായിരുന്നു യതീഷിന്‍റെ ആഗ്രഹം. യതീഷിന്‍റെയും സഹോദരന്‍ പവന്‍റെയും വിവാഹം രമേഷ് മരിക്കുന്നതിന് രണ്ട് മാസം മുമ്പാണ് നിശ്ചയിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് പവന്‍റെ വിവാഹം നടന്നത്. പവന്‍റെ വിവാഹവും അച്ഛന്‍റെ പൂര്‍ണകായ പ്രതിമയ്ക്ക് മുന്നില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്.

അഞ്ച് മാസം മുമ്പേ ഓര്‍ഡര്‍ നല്‍കിയിരുന്നെങ്കിലും പക്ഷേ കൃത്യസമയത്ത് ലഭിച്ചില്ല. രമേഷിന് പ്രിയപ്പെട്ട കറുത്ത കോട്ടും വെളുത്ത പാന്‍റുമാണ് മെഴുകുപ്രതിമയ്ക്കും നല്‍കിയത്. ചിക്കമംഗ്ലുരു കഡൂര്‍ താലൂക്കിലെ കര്‍ഷകനായിരുന്ന രമേഷ്. കൃഷിയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് രണ്ട് മക്കളെയും പഠിപ്പിച്ചത്. ആയുര്‍വേദ ഡോക്ടറായ അപൂര്‍വയാണ് യതീഷിന്‍റെ വധു. വിവാഹത്തിന് എത്തിയവരുടെ എല്ലാം ശ്രദ്ധ ഈ മെഴുകുപ്രതിമയില്‍ തന്നെയായിരുന്നു