ഒരു രൂപയ്ക്ക് ഇഡ്ഡലി നൽകുന്ന മുത്തശ്ശി; മാതൃദിനത്തിൽ സമ്മാനമായി വീട് നൽകി ആനന്ദ് മഹീന്ദ്ര

0
65

മാതൃദിന ആഘോഷമാണ് സോഷ്യൽ മീഡിയയിൽ എങ്ങും. അമ്മമാരെ ആഘോഷിക്കാനും ഓർക്കാനും പ്രത്യേകമായി ഒരു ദിവസത്തിന്റെ ആവശ്യം ഇല്ലെങ്കിൽ പോലും ഒട്ടും പൊലിമ കുറയാതെ തന്നെയാണ് ആളുകൾ ഈ ദിവസത്തെ ആഘോഷിക്കാറ്. ഇന്നലെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ കമലാദൾ എന്ന മുത്തശ്ശിയുടെ മാതൃദിനാഘോഷമാണ് ശ്രദ്ധ നേടുന്നത്. ട്വിറ്ററിൽ വളരെ സജീവമാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. രസകരമായതും ആളുകളെ കണക്റ്റ് ചെയ്യാൻ സാധിക്കുന്നതുമായ നിരവധി ട്വീറ്റുകൾ പലപ്പോഴായി അദ്ദേഹം പങ്കിടാറുമുണ്ട്. ഈ മാതൃദിനത്തിലും മാതൃകയാകുകയാണ് അദ്ദേഹം. കമലമ്മയ്ക്ക് പുതിയ വീട് നൽകിയാണ് അദ്ദേഹം കയ്യടികൾ നേടുന്നത്.

തമിഴ്നാട് സ്വദേശി കമലാദൾ എന്ന മുത്തശ്ശിയെ ഓർക്കുന്നില്ലേ… കുറച്ചുനാൾ മുമ്പ് സോഷ്യൽ മീഡിയയിൽ താരമായിരുന്നു കമലാമ്മ. വെറും ഒരു രൂപയ്ക്കാണ് മുത്തശ്ശി ഇവിടെ ഇഡ്ഡലി വിൽക്കുന്നത്. അങ്ങനെയാണ് തമിഴ്‌നാടിന് അകത്തും പുറത്തും ഇവർ പ്രസിദ്ധമായത്. ഇതോടെ എല്ലാവരും “ഇഡ്ഡലി മുത്തശ്ശി” എന്നാണ് എല്ലാവരും ഇവരെ വിളിക്കുന്നത്. ഇപ്പോൾ എല്ലാവർക്കും ഇഡ്ഡലി മുത്തശ്ശിയാണ് ഇവർ. ഒരിക്കൽ ഇഡ്ഡലി മുത്തശ്ശിയുടെ കഥ ആനന്ദ് മഹീന്ദ്രയും കേൾക്കാൻ ഇടയായി. അതോടെ ഇവർക്ക് പുതിയ വീടും കടയും വെച്ച് നൽകുമെന്ന് ആനന്ദ് മഹീന്ദ്ര വാഗ്ദാനം നൽകിയിരുന്നു.

ഈ മാതൃദിനത്തിൽ താൻ നൽകിയ വാക്ക് പൂർത്തിയാക്കിയിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര. ‘മറ്റുള്ളവർക്ക് സന്തോഷമേകാൻ ജീവിതം മാറ്റിവച്ചൊരാൾക്ക് അൽപം സന്തോഷമേകാൻ സാധിക്കുന്നതിലും വലിയ സന്തോഷമില്ല’ എന്നാണ് കമലാമ്മയുടെ പുതിയ വീടിന്റെ വിഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര കുറിച്ചത്. തമിഴ്‌നാട്ടിലെ ഉൾഗ്രാമമായ വടിവേലംപാളയത്തിൽ തുച്ഛമായ വേദനത്തിന് ദിവസ കൂലിക്ക് പണിയെടുക്കുന്ന നിരവധി പേരുണ്ട്. അവരിൽ പലരും പണം തികയാത്തതിനാൽ രാവിലെ ഭക്ഷണം കഴിക്കാതെ കൂലി സൂക്ഷിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് കമലാദാൾ തന്റെ കടയിൽ ഇവർക്കായി ഒരു രൂപയ്ക്ക് ഇഡ്ഡലിയും സാമ്പാറും ചട്ണിയും വിതരണം ചെയ്യാൻ ആരംഭിച്ചത്. ഇപ്പോൾ മുപ്പത് വർഷമായി ഇങ്ങനെ ചെയ്യാൻ തുടങ്ങിയിട്ട്. ഇപ്പോഴും ഈ രീതി തന്നെയാണ് തുടരുന്നത്.